Dharmasthala case: ധർമ്മസ്ഥലക്കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് മന്ത്രി, മൃതദേഹം കുഴിച്ചെടുക്കൽ നിർത്തിവച്ചു
Dharmasthala exhumation of body stopped: കൂടുതൽ സ്ഥലങ്ങളിൽ കുഴിച്ചു നോക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ എസ് ഐ ടി തീരുമാനിച്ചതായും മന്ത്രിയെ അറിയിച്ചു.
ബംഗളൂരു: ധർമ്മസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനെ തുടർന്ന്, കേസ് ദേശീയ ശ്രദ്ധ നേടി. ഒരു അജ്ഞാതൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കി.
പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഈ വ്യക്തിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണസംഘം മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു സംശയിക്കുന്ന പത്തിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇതിൽ രണ്ടു സ്ഥലങ്ങളിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടങ്ങളും തലയോട്ടിയും മറ്റും കണ്ടെത്തിയിരുന്നു.
ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര ഇന്ന് നിയമസഭയിൽ ഈ വിഷയത്തിൽ മറുപടി നൽകി. അന്വേഷണം ഇപ്പോൾ പ്രാരംഭഘട്ടത്തിൽ ആണെന്നും ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം മാത്രമേ ഔദ്യോഗിക അന്വേഷണം ആരംഭിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തിയ അസ്ഥികളും മറ്റു തെളിവുകളും വിശകലനത്തിനായി എഫ് എസ് എല്ലിലേക്ക് അയച്ചിട്ടുണ്ട്.
കൂടുതൽ സ്ഥലങ്ങളിൽ കുഴിച്ചു നോക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ എസ് ഐ ടി തീരുമാനിച്ചതായും മന്ത്രിയെ അറിയിച്ചു. അജ്ഞാതർ കാണിച്ചുതരുന്ന എല്ലാ സ്ഥലങ്ങളും കുഴിച്ച് നോക്കുക പ്രായോഗികമല്ല. അതിനാൽ ശാസ്ത്രീയ റിപ്പോർട്ടുകൾ അനുസരിച്ച് മാത്രമേ ഇനി അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയുള്ളൂ.
വളരെ ഗൗരവത്തോടെയും സുതാര്യമായും ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെയും അന്വേഷണം നടത്തുമെന്ന് മന്ത്രി ഉറപ്പു നൽകി. കഴിഞ്ഞ 25 വർഷത്തിനിടെ ധർമ്മസ്ഥലയിൽ സ്ത്രീകൾ കാണാതായതുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 19ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ഡോ പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എത്തിയിരിക്കുകയാണ് എന്നും എഫ് എസ് എൽ റിപ്പോർട്ടുകൾ ആണ് കേസിൽ നിർണായകമാവുക എന്നും മന്ത്രി അറിയിച്ചു.