Vande Bharat Sleeper: തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങൾക്ക് വന്ദേഭാരത് സ്ലീപ്പർ; ആകസ്മികമോ ആസൂത്രിതമോ?
Vande Bharat Sleeper For Election States: ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യം വന്ദേഭാരത് സ്ലീപ്പർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആകസ്മികമോ ആസൂത്രിതമോ എന്നതാണ് ചർച്ച.
വന്ദേഭാരത് സ്ലീപ്പറിനായി കാത്തിരിക്കുകയാണ് രാജ്യം. ഈ മാസം 17നോ 18നോ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തേക്കും. ബംഗാളിനും അസമിനും ഇടയിലാണ് ആദ്യ വന്ദേഭാരത്. പിന്നാലെ കേരളം, തമിഴ്നാട്, കർണാടക ജില്ലകൾക്കും വന്ദേഭാരത് സ്ലീപ്പർ ലഭിക്കും. ഇതിൽ കർണാടക മാറ്റിനിർത്തിയാൽ ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് മുന്നിൽ കണ്ടുള്ള ആസൂത്രിത നീക്കമാണോ റെയിൽവേ നടത്തുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.
അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് 2026ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇത് മുന്നിൽ കണ്ടാണ് വന്ദേഭാരത് സ്ലീപ്പറിൻ്റെ ആദ്യ ഗുണഭോക്താക്കളായി ഈ സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തതെന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. അസമിലെ ഗുവാഹത്തിയും ബംഗാളിലെ കൊൽക്കത്തയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ. കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് കേരളത്തിൽ തിരുവനന്തപുരത്തേക്കുള്ള ഒരു ട്രെയിനും കർണാടകയിലെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് മറ്റൊന്നും. ഇതോടെ കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലേക്കും വന്ദേഭാരത് സ്ലീപ്പർ ആയിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ റൂട്ടുകളിൽ ഗതാഗതം ആരംഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വന്ദേഭാരത് സ്ലീപ്പർ പ്രധാന പ്രചരണായുധമാക്കും. തിരഞ്ഞെടുപ്പിൻ്റെ സമയത്ത് ഇത് ചർച്ചയാവുകയും ചെയ്യും. ബിജെപിയ്ക്ക് ഇടം നൽകാത്ത സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും തമിഴ്നാടും. ഇവിടെ സാന്നിധ്യമറിയിക്കുക എന്നത് അഭിമാനപ്രശ്നമായി ബിജെപി കണക്കാക്കുന്നതിനാൽ വന്ദേഭാരത് സ്ലീപ്പർ ഇതിൻ്റെ പതാകവാഹകനാവുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ആദ്യ വന്ദേഭാരത് സ്ലീപ്പർ അനുവദിച്ചത് വളരെ ആസൂത്രിതമായുള്ള നടപടിയായാണ് കണക്കാക്കുന്നത്.