Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറിന്റെ കന്നിയോട്ടം, കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം കാത്തിരിക്കേണ്ടത് എത്ര നാള്‍?
Vande Bharat sleeper train inauguration date: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ജനുവരി 15 ന് ശേഷം ഉദ്ഘാടനം ചെയ്യുമെന്ന് സൂചന. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഉദ്ഘാടനം ജനുവരി പതിനേഴിനോ പതിനെട്ടിനോ നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
കൊല്‍ക്കത്ത: രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ജനുവരി 15 ന് ശേഷം ഉദ്ഘാടനം ചെയ്യുമെന്ന് സൂചന. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഉദ്ഘാടനം ജനുവരി പതിനേഴിനോ പതിനെട്ടിനോ നടന്നേക്കാമെന്നാണ് വിവരം. ജനുവരി 17, 18 തീയതികളിൽ പ്രധാനമന്ത്രി മോദി പശ്ചിമ ബംഗാളിലും അസമും സന്ദർശിക്കുന്നുണ്ട്. 17 ന് മാൾഡയിലും 18 ന് ഹൗറയിലും പ്രധാനമന്ത്രി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.
ഈ സന്ദര്‍ശനത്തിനിടെ വന്ദേ ഭാരത് സ്ലീപ്പറിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധ്യതയുണ്ട്. ബംഗാളിനും, ആസാമിനും ഇടയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുന്നത്. 18 ന് അസമിലെ കാലിയബാറിലെ മൊച്ചണ്ട ഗ്രൗണ്ടിൽ പ്രധാനമന്ത്രി നിർദിഷ്ട എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തറക്കല്ലിടും.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കിയിരുന്നു. കോട്ട-നാഗ്ദ സെക്ഷനിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം.
പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിരുന്നു. ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനില്‍ 16 കോച്ചുകളുണ്ട്. മികച്ച സ്ലീപ്പർ ബെർത്തുകൾ, ആധുനിക സസ്‌പെൻഷൻ സിസ്റ്റം, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക ടോയ്‌ലറ്റുകൾ, സിസിടിവി, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ വന്ദേ ഭാരത് സ്ലീപ്പറില്‍ ഒരുക്കിയിട്ടുണ്ട്.
കേരളം എത്രനാള്‍ കാത്തിരിക്കണം?
കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു റൂട്ടുകളിലാണ് വന്ദേ ഭാരത് സ്ലീപ്പര്‍ പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ട്രെയിനുകള്‍ ലഭിച്ചേക്കുമെന്നാണ് അഭ്യൂഹം.