Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അന്തരിച്ചു
Former Gujarat CM Vijay Rupani : ലഭിച്ച വിവരം അനുസരിച്ച്, ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഈ വിമാനത്തിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അപകടം നടന്ന പരിസര പ്രദേശങ്ങളിലെ ആളുകൾ പരിഭ്രാന്തരാണ്.

വിജയ് രൂപാണി
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നു വീണു. ലണ്ടനിലേക്ക് പോകുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. മേഘാനിനഗറിന് സമീപം വിമാനം തകർന്നുവീണത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഇതുവരെ മരണസംഖ്യ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നിരുന്നാലും അപകടത്തിൽ നിരവധി പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
ലഭിച്ച വിവരം അനുസരിച്ച്, ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഈ വിമാനത്തിൽ ഉണ്ടായിരുന്നതായി ടിവി9 ഗുജറാത്തി റിപ്പോർട്ട് ചെയ്തു. അദ്ദേഹം അപകടത്തെത്തുടർന്ന് അന്തരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മകളെ കാണാനായി പോകുമ്പോഴാണ് അപകടം നടന്നത്. അപകടം നടന്ന പരിസര പ്രദേശങ്ങളിലെ ആളുകൾ പരിഭ്രാന്തരാണ്. അഗ്നിശമന സേനയും മറ്റ് ഉദ്യോഗസ്ഥരും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവും ബിജെപി അംഗവുമായ അദ്ദേഹം 2016 ഓഗസ്റ്റ് 7 മുതൽ 2021 സെപ്റ്റംബർ 11 വരെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു.
വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. ടെക്ക് ഓഫ് ചെയ്യുമ്പോൾ മരത്തിൽ ഇടിച്ചതാകാമെന്നാണ് സൂചന. എന്നാൽ, സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. അപകടത്തിന്റെ തീവ്രത ഇതുവരെ വ്യക്തമായിട്ടില്ല.