Gang assault: കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; കൊൽക്കത്തയിൽ മൂന്ന് പേർ അറസ്റ്റിൽ
Gang assault: ജൂൺ 25 ന് രാത്രി 7.30 നും 8.50 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. പരാതി ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം തൽബഗൻ പ്രദേശത്ത് നിന്ന് രണ്ട് വിദ്യാർത്ഥികളെയും കസ്റ്റഡിയിലെടുത്തു.

പ്രതീകാത്മക ചിത്രം
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. കൊൽക്കത്തയിലെ കസ്ബയിൽ ലോ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. പ്രതികളായ മൂന്ന് പേരിൽ രണ്ടുപേർ കോളേജിലെ വിദ്യാർത്ഥികളും ഒരാൾ പൂർവ്വ വിദ്യാർത്ഥിയുമാണ്.
ജൂൺ 25 ന് രാത്രി 7.30 നും 8.50 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. പ്രതികളെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്. പരാതി ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം തൽബഗൻ പ്രദേശത്ത് നിന്ന് രണ്ട് വിദ്യാർത്ഥികളെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്തതിന് ശേഷമാണ് മുഖ്യ പ്രതിയെ പിടികൂടിയത്.
‘എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്, മറ്റ് രണ്ട് പേർ അവിടെ ഉണ്ടായിരുന്നു. ഇവർക്ക് ക്രൂരകൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്’, പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂവരെയും സിറ്റി കോടതിയിൽ ഹാജരാക്കും. വിദ്യാർത്ഥിനിയെ വൈദ്യപരിശോധനയ്ക്കായി കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുറ്റകൃത്യം നടന്ന സ്ഥലം ഫോറൻസിക് സംഘം സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രിയിലെ ആശുപത്രി വളപ്പിനുള്ളിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് മറ്റൊരു ക്രൂരതയും സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.