Train General Ticket: റെയില്‍വേ തുണച്ചു, ജനറല്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞു; ചെയ്യേണ്ടത് ഇത്രമാത്രം
Train General Ticket Discount: ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി റെയില്‍വേ സിആര്‍ഐഎസിന് കത്തയച്ചു. ആര്‍ വാലറ്റ് ഉപഭോക്താക്കള്‍ക്ക് മാത്രമായി കിഴിവ് നല്‍കില്ലെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം
ഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് റെയില്‍വേ ഗംഭീര ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍വണ്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് മൂന്ന് ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 ജനുവരി 14 മുതല്‍ ജൂലൈ 14 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.
ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി റെയില്‍വേ സിആര്‍ഐഎസിന് കത്തയച്ചു. ആര്‍ വാലറ്റ് ഉപഭോക്താക്കള്‍ക്ക് മാത്രമായി കിഴിവ് നല്‍കില്ലെന്നാണ് വിവരം. ഏതെങ്കിലും ഡിജിറ്റല്‍ പേയ്‌മെന്റ് മോഡ്, അതായത് യുപിഐ, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കുകള്‍ പോലുള്ളവ വഴി നടത്തുന്ന പേയ്‌മെന്റുകള്‍ക്കും ഓഫര്‍ ലഭിക്കുന്നതാണ്.
റെയില്‍വണ്‍ ആപ്പിലെ ആര്‍ വാലറ്റ് വഴി പേയ്‌മെന്റെ് നടത്തുമ്പോള്‍ മൂന്ന് ശതമാനം ക്യാഷ്ബാക്കാണ് ഉപയോക്താക്കള്‍ക്ക് നിലവില്‍ ലഭിക്കുന്നത്. ആ ഓഫര്‍ തുടര്‍ന്നുകൊണ്ട് തന്നെയാണ് പുതിയ പ്രഖ്യാപനം. എല്ലാ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കും മൂന്ന് ശതമാനം കിഴിവ് ലഭിക്കുന്നത്. ഈ രണ്ട് ഓഫറും ഒരുമിച്ച് ലഭിക്കുകയാണെങ്കില്‍ ആകെ ആറ് ശതമാനമാണ് കിഴിവ്.
എന്നാല്‍ ഈ മൂന്ന് ശതമാനം കിഴിവ് റെയില്‍വണ്‍ ആപ്പില്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. മറ്റേതെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ അല്ലെങ്കില്‍ വെബ്‌സൈറ്റുകള്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് ശതമാനം കിഴിവ് ലഭിക്കില്ല. സ്‌റ്റേഷനുകളില്‍ ജനറല്‍ ടിക്കറ്റെക്കുമ്പോഴുള്ള തിരക്ക് കുറച്ച്, എല്ലാവരെയും ഔദ്യോഗിക റെയില്‍വേ ആപ്പിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യം.