Weather Alert: ആയിരം കിലോമീറ്റർ നീളത്തിൽ മേഘക്കൂട്ടം; ഉത്തരേന്ത്യ കനത്ത മഴയ്ക്ക് സാധ്യത
Massive Rainfall and Thunderstorms Alert: പശ്ചിമവാത പ്രക്ഷോഭം കിഴക്കോട്ട് സഞ്ചരിക്കുന്നതോടെ അടുത്ത 48 മുതൽ 72 മണിക്കൂർ വരെ മഴ തുടരും. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കർഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിളവെടുപ്പിനെ മഴ ബാധിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ശക്തമായ പശ്ചിമവാത പ്രക്ഷോഭത്തിന്റെ ഫലമായി ഉത്തരേന്ത്യയിൽ കനത്തമഴയ്ക്ക സാധ്യത. പാകിസ്താനിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഇതിന്റെ സൂചനയായി ആയിരം കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കൂറ്റൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയ്ക്കും പാകിസ്താനും മുകളിലായി ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ ഇടതൂർന്ന മേഘപാളികൾ രൂപപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
Also Read – ചൂട് നോക്കേണ്ട… വേനൽമഴ നാളെമുതൽ ശക്തം, കരുതേണ്ട ജില്ലക്കാർ ഇവരെല്ലാം
ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മലയോര മേഖലകളിൽ താപനില പെട്ടെന്ന് കുറയാനും സാധ്യതയുണ്ട്.
പശ്ചിമവാത പ്രക്ഷോഭം കിഴക്കോട്ട് സഞ്ചരിക്കുന്നതോടെ അടുത്ത 48 മുതൽ 72 മണിക്കൂർ വരെ മഴ തുടരും. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കർഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിളവെടുപ്പിനെ മഴ ബാധിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ട്. നിലവിലെ വേനൽച്ചൂടിന് ഈ മഴ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, മഴ മാറി മേഘങ്ങൾ ഒഴിയുന്നതോടെ ചൂട് വീണ്ടും വർധിക്കുമെന്നാണ് വിലയിരുത്തൽ.