AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Closes Airspace: തിരിച്ചടി ശക്തമാക്കി ഇന്ത്യ; വ്യോമാതിർത്തി അടച്ചു, പാക് വിമാനങ്ങൾക്ക് വിലക്ക്

India Closes Airspace To Banned Pakistan Airlines: അതേസമയം അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനെതിരെ ഇന്ത്യ കർശനമായ താക്കീതാണ് നൽകിയിരിക്കുന്നത്. നിയന്ത്രണരേഖയിൽ ഒരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ തുടർച്ചയായി വെടിവയ്പ്പ് നടത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായ ആറാം തവണയാണ് പാകിസ്താൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുന്നത്.

India Closes Airspace: തിരിച്ചടി ശക്തമാക്കി ഇന്ത്യ; വ്യോമാതിർത്തി അടച്ചു, പാക് വിമാനങ്ങൾക്ക് വിലക്ക്
India Closes AirspaceImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 01 May 2025 06:55 AM

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തികൊണ്ട് വ്യോമാതിർത്തി അടച്ച പാകിസ്താൻ നീക്കത്തിനെതിരെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ട് ഇന്ത്യൻ വ്യോമാതിർത്തി അടയ്ച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ അടുത്ത മാസം 23 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ പാകിസ്താൻ വഴിയെത്തുന്ന വിദേശ വിമാനങ്ങൾക്ക് വിലക്ക് തടസ്സമാകില്ല.

അതേസമയം അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനെതിരെ ഇന്ത്യ കർശനമായ താക്കീതാണ് നൽകിയിരിക്കുന്നത്. നിയന്ത്രണരേഖയിൽ ഒരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ തുടർച്ചയായി വെടിവയ്പ്പ് നടത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായ ആറാം തവണയാണ് പാകിസ്താൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം അർധരാത്രിയിലും ബാരാമുള്ള, കുപ്‌വാര ജില്ലകളിലെ നിയന്ത്രണരേഖയിലും പർഗ്‌വാൾ മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്താൻ വെടിവെപ്പ് നടത്തിയിരുന്നു.

അതിനിടെ, അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യൻ സൈന്യം ആക്രമിക്കുമെന്ന് പാക് മന്ത്രി ഇന്നലെ പ്രസ്താവനയിറക്കി. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനികോദ്യോഗസ്ഥർ തമ്മിൽ സംസാരിച്ചത്. പാക് ഫെഡറൽ ഇൻഫർമേഷൻ മന്ത്രി അത്താ ഉള്ള തരാറാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇതുസംബന്ധിച്ച് പാകിസ്താന് രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്നും വീഡിയോയിൽ മന്ത്രി പറഞ്ഞിരുന്നു.

ഏപ്രിൽ 22-നാണ് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാമിലെ ബൈസരൺവാലിയിൽ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളാണ് ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചത്. ഇതിനുമറുപടിയെന്നോണം പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമപാതകൾ അടച്ചിരുന്നു. പാകിസ്താൻ വ്യോമാതിർത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി.