AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഡെങ്കിപ്പനിയോട് ഇനി ‘കടക്ക് പുറത്ത്’ പറയാം; വാക്‌സിന് അംഗീകാരം

India approves first dengue vaccine : ഡെങ്കിപ്പനിയ്‌ക്കെതിരായ രാജ്യത്തെ ആദ്യ വാക്‌സിന് ഡ്രഗ് റഗുലേറ്റര്‍ അംഗീകാരം നല്‍കി. ജപ്പാനിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ തകേദ വികസിപ്പിച്ചെടുത്ത 'QDENGA' എന്ന വാക്സിനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകിയത്.

ഡെങ്കിപ്പനിയോട് ഇനി ‘കടക്ക് പുറത്ത്’ പറയാം; വാക്‌സിന് അംഗീകാരം
പ്രതീകാത്മക ചിത്രം Image Credit source: SERGII IAREMENKO/SCIENCE PHOTO LIBRARY/Getty Images
Jayadevan AM
Jayadevan AM | Updated On: 20 Jul 2026 | 07:23 PM

ഡെങ്കിപ്പനിയ്‌ക്കെതിരായ രാജ്യത്തെ ആദ്യ വാക്‌സിന് ഡ്രഗ് റഗുലേറ്റര്‍ അംഗീകാരം നല്‍കി. ജപ്പാനിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ തകേദ വികസിപ്പിച്ചെടുത്ത ‘QDENGA’ എന്ന വാക്സിനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകിയത്. ഇന്ത്യയിൽ ഡെങ്കി കേസുകൾ തുടർച്ചയായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കി ബാധകളിൽ 11 മടങ്ങ് വർധനവുണ്ടായിട്ടുണ്ടെന്നാണ് തകേദയുടെ റിപ്പോര്‍ട്ട്. ഡെങ്കി വൈറസിന്റെ നാല് തരം വകഭേദങ്ങൾക്കെതിരെയും സംരക്ഷണം നൽകാൻ കഴിയുന്ന വാക്‌സിനാണിത്.

ഏതൊരാൾക്കും ഈ വാക്സിൻ സ്വീകരിക്കാമെന്നതാണ് പ്രത്യേകത. ഇതിന് പ്രീ-വാക്സിനേഷൻ ഡെങ്കി പരിശോധന ആവശ്യമില്ല. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 4 വയസു മുതൽ 60 വയസു വരെയുള്ളവർക്ക് ഈ വാക്സിൻ നൽകാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ഈ വാക്സിൻ മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് നൽകുന്നത്.

ഉൽപ്പാദനം വിപുലീകരിക്കുന്നതിനായി തകേദ ഫാർമസ്യൂട്ടിക്കൽസ്, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ എന്ന വാക്സിൻ നിർമ്മാതാക്കളുമായി 2024-ൽ കരാറിലേർപ്പെട്ടിരുന്നു. ഈ കരാർ പ്രകാരം ഇന്ത്യയിൽ പ്രതിവർഷം 5 കോടി ഡോസുകൾ നിർമ്മിക്കാനാണ് ബയോളജിക്കൽ ഇ ലക്ഷ്യമിടുന്നത്.

വാക്‌സിന്റെ ഫലപ്രാപ്തി എങ്ങനെ?

ദീർഘകാല ക്ലിനിക്കൽ പഠനങ്ങളിൽ വളരെ മികച്ച ഫലങ്ങളാണ് കണ്ടത്തിയിട്ടുള്ളത്. മിതമായ രീതിയിലുള്ള ഡെങ്കിപ്പനി ഉണ്ടാകാനുള്ള സാധ്യത 61% മുതൽ 80% വരെ കുറയ്ക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. രണ്ട് ഡോസ് വാക്സിനും പൂർത്തിയാക്കുന്നതിലൂടെ രോഗ സാധ്യത 84% മുതൽ 90% വരെ കുറയ്ക്കുന്നതായും കണ്ടെത്തി. എട്ട് രാജ്യങ്ങളിലെ 20,000-ത്തിലധികം പേരിലാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയത്.

ഒരു വാക്സിനും 100% പ്രതിരോധം ഉറപ്പുനൽകുന്നില്ലെങ്കിലും, ഈ വാക്സിൻ രോഗതീവ്രത കുറയ്ക്കാനും ആശുപത്രിവാസവും മരണങ്ങളും ഒഴിവാക്കാനും വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

Also Read: Prostate cancer prevention: പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

എത്ര രൂപ ചെലവാകും?

ഒരു ഡോസിന് ഏകദേശം 6,000 രൂപയ്ക്കും 12,000 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നാണ് കണക്കാക്കുന്നത്. വരും വർഷങ്ങളിൽ പ്രാദേശികമായി ഉൽപ്പാദനം വർധിക്കുന്നതോടെ വാക്സിന്റെ വില കുറയുമെന്നാണ് പ്രതീക്ഷ. തദ്ദേശീയമായി വൻതോതിൽ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത് വാക്സിൻ ലഭ്യതയും കൂട്ടും.

ഈ വാക്‌സിന് അംഗീകാരം നല്‍കിയത് വലിയ നാഴികക്കല്ലാണെങ്കിലും, രോഗപ്രതിരോധനടപടികള്‍ക്ക് ഇത് പകരമല്ല. വാക്‌സിന്‍ എടുക്കുന്നതിനൊപ്പം രോഗം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിനോ കൊതുകിന്റെ പ്രജനനം തടയുന്നതിനോ ഉള്ള ബദലല്ല വാക്സിനേഷൻ. 40-ലധികം രാജ്യങ്ങളിൽ ഈ വാക്സിന് ഇതിനകം തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഈ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങളും വിവരങ്ങളും വാക്സിൻ പുറത്തിറക്കുന്ന സമയത്ത് വിശദമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

India has approved its first dengue vaccine, QDENGA, developed by Takeda Pharmaceutical. The two-dose vaccine is approved for individuals aged 4 to 60 years. Clinical studies show it reduces hospitalization risks by up to 90 percent. Local production by Biological E is expected to lower its price over time.

Follow Us