Advisory For Indian Citizens: എത്രയും വേഗം രാജ്യം വിടണം; ഇറാനിലുള്ള ഇന്ത്യക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
MEA asks Indians to leave Iran: ഇന്ത്യക്കാര്‍ എത്രയും വേഗം ഇറാനില്‍ നിന്ന് പുറത്തുപോകണമെന്ന് വിദേശകാര്യമന്ത്രാലയം. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയുമായി ഏകോപിപ്പിച്ച്, എംബസി നിർദ്ദേശിച്ച റൂട്ടുകളിലൂടെ വേഗം രാജ്യം വിടണമെന്നാണ് പുതിയ നിര്‍ദ്ദേശം. എംബസിയുടെ എമര്‍ജന്‍സി നമ്പറുകളും നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം. എത്രയും വേഗം ഇറാനില്‍ നിന്ന് പുറത്തുപോകണമെന്നാണ് നിര്‍ദ്ദേശം. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാനിലെ ഇന്ത്യന്‍ എംബസി പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസവും എംബസി ഇത്തരത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇറാനിൽ ഇപ്പോഴും കഴിയുന്ന ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അവർ എവിടെയാണോ അവിടെ തന്നെ തുടരണമെന്നായിരുന്നു ഇന്നലെ നല്‍കിയ നിര്‍ദ്ദേശം.
കെട്ടിടങ്ങള്‍ക്കുള്ളില്‍ തുടരണം. ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ കഴിയരുത്. എംബസി വാടകയ്‌ക്കെടുത്ത ഹോട്ടലുകളിലുള്ളവർ അവിടെ തന്നെ തുടരുകയും, എംബസി ടീമുമായി സമ്പര്‍ക്കം പുലര്‍ത്തുകയും വേണം. ഔദ്യോഗിക അപ്‌ഡേറ്റുകൾ പിന്തുടരണമെന്നും കഴിഞ്ഞ ദിവസം എംബസി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എംബസി പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയുമായി ഏകോപിപ്പിച്ച്, എംബസി നിർദ്ദേശിച്ച റൂട്ടുകളിലൂടെ വേഗം രാജ്യം വിടണമെന്നാണ് പുതിയ നിര്‍ദ്ദേശം.
എംബസിയുമായി മുൻകൂട്ടി കൂടിയാലോചനയും ഏകോപനവും കൂടാതെ ഒരു അന്താരാഷ്ട്ര കര അതിർത്തിയിലേക്കും പോകരുതെന്നും എംബസി നിര്‍ദ്ദേശിച്ചു. +989128109115, +989128109109, +989128109102, +989932179359 എന്നിവയാണ് എംബസിയുടെ എമര്‍ജന്‍സി നമ്പറുകള്‍. ഇമെയിൽ: cons.tehran@mea.gov.in
⚠️ Advisory as on 08 April 2026. pic.twitter.com/pusFQIAKKI
— India in Iran (@India_in_Iran) April 8, 2026
രണ്ടാഴ്ച വെടിനിര്‍ത്തല്‍
അതേസമയം, വെടിനിര്‍ത്തല്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന ഉപാധിയോടെയാണ് താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആക്രണങ്ങള്‍ നിര്‍ത്തിയാല്‍, തങ്ങളും പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പറഞ്ഞിരുന്നു.