Indian railways new projects: രാജ്യത്തെ ആദ്യ ഹൈഡ്രജൻ തീവണ്ടി 2026-ൽ, ഒപ്പം ബുള്ളറ്റ് ട്രെയിനും, കേരളവും അതിവേഗം മുന്നോട്ട്
Bullet train and the hydrogen train: കേരളത്തിലെ റെയിൽവേ വികസനത്തിലും നിർണ്ണായകമായ മാറ്റങ്ങളാണ് വരുന്നത്. വന്ദേ ഭാരത് ശ്രേണിയിലെ അത്യാധുനികമായ വന്ദേ സ്ലീപ്പർ ട്രെയിനുകൾ ഉടൻ കേരളത്തിലെത്തും. തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ഈ ട്രെയിൻ പ്രതീക്ഷിക്കുന്നത്.

ബുള്ളറ്റ് ട്രെയിൻ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്ന വർഷമാണ് 2026. അത്യാധുനിക സാങ്കേതികവിദ്യയും വേഗതയും ഒത്തുചേരുന്ന ബുള്ളറ്റ് ട്രെയിൻ, പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജൻ തീവണ്ടികൾ, യാത്രാസൗകര്യം വർദ്ധിപ്പിക്കുന്ന വന്ദേ സ്ലീപ്പർ എന്നിവയുമായി റെയിൽവേ പുതുയുഗത്തിലേക്ക് കുതിക്കുകയാണ്.
ഹൈഡ്രജൻ തീവണ്ടികൾ ട്രാക്കിലേക്ക്
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി 2026-ൽ ഹരിയാണയിലെ ജിന്ദ്-സോനാപത് റൂട്ടിൽ ഓടിത്തുടങ്ങും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി രൂപകൽപ്പന ചെയ്യുന്ന ഈ തീവണ്ടികൾ പരിസ്ഥിതി മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഹൈഡ്രജൻ ഇന്ധനസെല്ലുകൾ ഓക്സിജനുമായി ചേർന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഈ ട്രെയിനുകൾ പ്രവർത്തിക്കുന്നത്.
പുറംതള്ളുന്നത് വെറും നീരാവി മാത്രമായതിനാൽ ഇത് പൂർണ്ണമായും ഹരിത ഇന്ധന പദ്ധതിയാണ്. ഓരോ ബോഗിയിലും ഫ്യൂവൽ സെല്ലുകൾ ഉണ്ടാകുമെന്നും അധികമായി വരുന്ന വൈദ്യുതി ലിഥിയം ബാറ്ററികളിൽ ശേഖരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന 35 ഹൈഡ്രജൻ തീവണ്ടികളാണ് ആദ്യഘട്ടത്തിൽ റെയിൽവേയുടെ ലക്ഷ്യം.
ബുള്ളറ്റ് ട്രെയിനും പരീക്ഷണ ട്രാക്കും
ഇന്ത്യ കാത്തിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണ ഓട്ടം ഈ വർഷം നടക്കും. 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലായിരിക്കും ബുള്ളറ്റ് ട്രെയിൻ പറക്കുക. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷനാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതിനുപുറമെ, രാജസ്ഥാനിലെ ജോധ്പൂർ ഡിവിഷനിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ട്രെയിൻ പരീക്ഷണ ട്രാക്ക് 2026-ൽ പൂർത്തിയാകും. 64 കിലോമീറ്റർ നീളമുള്ള ഈ ട്രാക്കിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ തീവണ്ടികൾ ഓടിച്ച് പരീക്ഷിക്കാനാകും.
ALSO READ – ചിലത് നേരത്തെ എത്തും ചിലത് വൈകും… നാളെ മുതൽ പുതിയ സമയക്രമത്തിൽ ഓടുന്ന ട്രെയിനുകൾ ഇതാ
കേരളത്തിന് പുത്തൻ വേഗവും വന്ദേ സ്ലീപ്പറും
കേരളത്തിലെ റെയിൽവേ വികസനത്തിലും നിർണ്ണായകമായ മാറ്റങ്ങളാണ് വരുന്നത്. വന്ദേ ഭാരത് ശ്രേണിയിലെ അത്യാധുനികമായ വന്ദേ സ്ലീപ്പർ ട്രെയിനുകൾ ഉടൻ കേരളത്തിലെത്തും. തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ഈ ട്രെയിൻ പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള വന്ദേ സ്ലീപ്പറിന്റെ പരീക്ഷണ ഓട്ടങ്ങൾ ഇതിനോടകം തന്നെ ഡൽഹി-മുംബൈ പാതയിൽ പൂർത്തിയാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ തീവണ്ടികളുടെ ശരാശരി വേഗത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഷൊർണൂർ-മംഗളൂരു സെക്ഷനിൽ ട്രെയിനുകളുടെ വേഗത മാർച്ചോടെ 130 കിലോമീറ്ററായി ഉയരും. ഇതോടെ കേരളത്തിലെ ട്രെയിനുകളുടെ ശരാശരി വേഗത 110 കിലോമീറ്ററിലെത്തും. ഗതാഗതക്കുരുക്ക് രൂക്ഷമായ എറണാകുളം ജങ്‌ഷൻ-വള്ളത്തോൾനഗർ ഇടനാഴിയിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സജ്ജമാക്കുന്നതോടെ ട്രെയിനുകളുടെ വേഗപ്പൂട്ട് അഴിയുമെന്നും റെയിൽവേ അറിയിച്ചു.