Train Ticket Rate: ചോദിക്കേണ്ട പറയില്ല…. ട്രെയിൻ ടിക്കറ്റ് നിരക്ക് എങ്ങനെ കണക്കാക്കുന്നു എന്നു വ്യക്തമാക്കാതെ റെയിൽവേ
Indian Railways Refuses to Reveal Fare Logic: ഇന്ത്യൻ റെയിൽവേ ഒരു വാണിജ്യ സ്ഥാപനം എന്നതിലുപരി ദേശീയ താൽപ്പര്യം മുൻനിർത്തി സാമൂഹിക പ്രതിബദ്ധതകൾ നിറവേറ്റുന്ന ഒന്നാണെന്നും അധികൃതർ പറഞ്ഞു. ലാഭമുണ്ടായാൽ അത് പൊതുജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത്.
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന രീതിയും അതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഇന്ത്യൻ റെയിൽവേ. ഇത് റെയിൽവേയുടെ ‘ട്രേഡ് സീക്രട്ട്’ ആണെന്നും വിവരാവകാശ നിയമപ്രകാരം ഇത് പുറത്തുവിടാൻ സാധിക്കില്ലെന്നും റെയിൽവേ ബോർഡ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷനെ അറിയിച്ചു.
വിവരാവകാശ അപേക്ഷ തള്ളി
ട്രെയിൻ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക്, ഡൈനാമിക് പ്രൈസിംഗ്, തൽക്കാൽ ബുക്കിംഗ് നിരക്കുകൾ എന്നിവ എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ തേടി സമർപ്പിച്ച അപേക്ഷയിലാണ് റെയിൽവേയുടെ ഈ മറുപടി. പശ്ചിമ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ നിരക്കുകളെക്കുറിച്ചും അപേക്ഷകൻ ചോദിച്ചിരുന്നു. എന്നാൽ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരമുള്ള ഇളവുകൾ ചൂണ്ടിക്കാട്ടി കമ്മീഷൻ ഈ അപേക്ഷ തള്ളുകയായിരുന്നു.
റെയിൽവേയുടെ പ്രധാന വാദങ്ങൾ
ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന നയങ്ങൾ റെയിൽവേയുടെ ബൗദ്ധിക സ്വത്തവകാശത്തിന് (Intellectual Property Rights) കീഴിൽ വരുന്നതാണെന്നും അവ വെളിപ്പെടുത്തുന്നത് വാണിജ്യപരമായ താൽപ്പര്യങ്ങളെ ബാധിക്കുമെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.
Also read – ചെന്നൈ മെട്രോ അതിവേഗമെത്തുന്നു… പുതിയ റൂട്ടുകൾ ഉടൻ തുറക്കും… യാത്രാ സമയം പകുതിയാകും
ഇന്ത്യൻ റെയിൽവേ ഒരു വാണിജ്യ സ്ഥാപനം എന്നതിലുപരി ദേശീയ താൽപ്പര്യം മുൻനിർത്തി സാമൂഹിക പ്രതിബദ്ധതകൾ നിറവേറ്റുന്ന ഒന്നാണെന്നും അധികൃതർ പറഞ്ഞു. ലാഭമുണ്ടായാൽ അത് പൊതുജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനികളെപ്പോലെ വ്യക്തിഗത നേട്ടത്തിനല്ല. അതിനാൽ ഇതിലെ കണക്കുകൾ വെളിപ്പെടുത്തേണ്ട പൊതുതാൽപ്പര്യം നിലവിലില്ലെന്നും റെയിൽവേ ബോർഡ് ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കൂട്ടിച്ചേർത്തു.
കമ്മീഷന്റെ നിരീക്ഷണം
വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയുന്ന പൊതുവായ വിവരങ്ങൾ റെയിൽവേ ഇതിനോടകം നൽകിയിട്ടുണ്ടെന്ന് ഇൻഫർമേഷൻ കമ്മീഷണർ സ്വാഗത് ദാസ് നിരീക്ഷിച്ചു. റെയിൽവേയുടെ മറുപടിയിൽ പിശകുകളില്ലെന്ന് കണ്ടെത്തിയ കമ്മീഷൻ, ഈ അപ്പീൽ തീർപ്പാക്കി. നിലവിൽ ഓരോ ക്ലാസിലെയും സൗകര്യങ്ങൾക്ക് അനുസരിച്ചാണ് നിരക്ക് വ്യത്യാസപ്പെടുന്നതെന്നും ഇത് വർഗ്ഗീകരിക്കുന്ന രീതി അതീവ രഹസ്യമാണെന്നുമാണ് റെയിൽവേയുടെ പക്ഷം.