Bullet Train: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ ഓഗസ്റ്റ് 15ന് യാത്ര പുറപ്പെടും; ആദ്യയാത്ര എങ്ങോട്ടാണെന്ന് അറിയാമോ?
India’s First Bullet Train Launch on August 15, Where Will It Run First?: 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ പോകുന്നത്. എന്നാല്‍ ഈ പാത ഒരുമിച്ച് തുറക്കുന്നതിന് പകരം ഘട്ടം ഘട്ടമായി നിര്‍മാണവും ട്രെയിന്‍ സര്‍വീസും ആരംഭിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ കുതിക്കാന്‍ ഇനി കാത്തിരിപ്പില്ല. വൈകാതെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഘട്ടം ഘട്ടമായി പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദില്‍ നടന്ന ഹൈസിയ ജിസിസിഎസ് ആന്‍ഡ് ഐടി റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഘട്ടം ഘട്ടമായി
508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ പോകുന്നത്. എന്നാല്‍ ഈ പാത ഒരുമിച്ച് തുറക്കുന്നതിന് പകരം ഘട്ടം ഘട്ടമായി നിര്‍മാണവും ട്രെയിന്‍ സര്‍വീസും ആരംഭിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ സൂറത്ത് മുതല്‍ ബിലിമോറ വരെയുള്ള പാത തുറക്കും. ശേഷിക്കുന്നവ ക്രമത്തില്‍ തുറക്കാനാണ് നീക്കം,
- സൂറത്ത്-ബിലിമോറ
- വാപ്പി-അഹമ്മാദാബാദ്
- അഹമ്മദാബാദ്-താനെ
- അഹമ്മാദാബാദ്-മുംബൈ
എന്നീ ക്രമത്തിലാണ് പാത തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നതായും നിര്‍മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മാദാബാദ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ സൂറത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന് ഘട്ടം ഘട്ടമായി കമ്മീഷന്‍ ചെയ്യുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിര്‍മാണം അതിവേഗത്തില്‍
പദ്ധതിയുടെ ഏകദേശം 80 ശതമാനത്തോളം നിര്‍മാണ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. നൂതന റെയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രാദേശിക കണക്ടിവിറ്റി മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുംബൈ, അഹമ്മാദാബാദ് എന്നീ രണ്ട് സാമ്പത്തിക കേന്ദ്രങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാനും പദ്ധതിയ്ക്ക് സാധിക്കും.
ഇതിന് ശേഷം ഉടന്‍ തന്നെ വാപ്പിയില്‍ നിന്ന് സൂറത്തിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. വാപ്പിയില്‍ നിന്നും അഹമ്മാദാബാദിലേക്കും, പിന്നീട് അവിടെ നിന്നും താനെയിലേക്കും, ശേഷം അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കും പദ്ധതി നീളും.
ട്രെയിന്‍ സര്‍വീസ് എന്ന് മുതല്‍?
നേരത്തെ നിശ്ചയിച്ചത് പോലെ 2027 ഓഗസ്റ്റ് 15നാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുന്നത്. നിലവില്‍ തീയതിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് റെയില്‍വേ മന്ത്രി പറയുന്നത്. എന്നാല്‍ നിര്‍മാണം വൈകുകയാണെങ്കില്‍ ഉദ്ഘാടനം നീണ്ടുപോയേക്കാം.
മൂന്ന് ബുള്ളറ്റ് ട്രെയിനുകള്‍
ഹൈദരാബാദ് കേന്ദ്രീകരിച്ച് മൂന്ന് ബുള്ളറ്റ് ട്രെയിനുകളാണ് വരാന്‍ പോകുന്നത്. പൂനെ-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു എന്നിവയാണ് നിര്‍ദിഷ്ട പാതകള്‍. ഈ മൂന്ന് റൂട്ടുകളും ദക്ഷിണേന്ത്യയിലുടനീളം റെയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം. കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനോടൊപ്പം യാത്രാ സമയം കുറയ്ക്കാനും ഈ ട്രെയിനുകള്‍ക്ക് സാധിക്കും.
English Summary
India is preparing to launch its first bullet train service, with operations expected to begin in phases. The initial service is planned to start on the first operational section before the entire corridor becomes functional. The article explains the first route, rollout strategy, and what passengers can expect from India’s high-speed rail project.