IndiGo Flight Bomb Threat: ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
IndiGo Flight Diverted After Bomb Threat: ഇൻ്റിഗോയുടെ 6E 6650 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കി പരിശോധിക്കുകയും ചെയ്തു. പൈലറ്റുമാരും ജീവനക്കാരും ഉൾപ്പെടെ 238 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Indigo Flight
ലഖ്‌നൗ: ഡൽഹിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിന് ബോംബ് ഭീഷണി. സംഭവത്തിന് പിന്നാലെ വിമാനം തിരിച്ചിറക്കി. ലഖ്‌നൗ വിമാനത്താവളത്തിലേക്കാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിനുള്ളിലെ ശുചിമുറിക്കകത്ത് നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ ആളുകളെ സുരക്ഷിതമാക്കി വലിയ പരിശോധനകൾ നടത്തി.
ഇൻ്റിഗോയുടെ 6E 6650 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കി പരിശോധിക്കുകയും ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് ഭീഷണി ഉയർന്നതിന് പിന്നാലെ വിമാനം തിരിച്ചിറക്കിയതെന്നും ഇൻ്റിഗോ അറിയിച്ചു. യാത്രാക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ALSO READ: ബെംഗളൂരുവിൽ 12 മണിക്കൂർ നീളുന്ന പവർ കട്ട്; മുന്നറിയിപ്പുമായി അധികൃതർ
വിമാനത്തിന്റെ ടോയ്‌ലറ്റിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒരു ടിഷ്യൂ പേപ്പറിലാണ് ബോംബ് ഉണ്ടെന്ന് എഴുതിയിരിക്കുന്ന സന്ദേശം കണ്ടെത്തിയത്. പൈലറ്റുമാരും ജീവനക്കാരും ഉൾപ്പെടെ 238 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബ് നിർമാർജന സ്ക്വാഡും സിഐഎസ്എഫ് സംഘവും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 8:46 നാണ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. പിന്നീട് 9.17 ന് വിമാനം ലഖ്‌നൗവിൽ സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്‌തു. വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.