Bengaluru Namma Metro: നമ്മ മെട്രോ നിരക്ക് വര്‍ധിപ്പിക്കുമോ? അഭ്യൂഹങ്ങള്‍ ശക്തം; ബെംഗളൂരു മലയാളികളടക്കം ആശങ്കയില്‍
Bengaluru Namma Metro Fare Hike Updates: ബെംഗളൂരു മെട്രോ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് അഭ്യൂഹം. ഫെബ്രുവരി മുതല്‍ അഞ്ച് ശതമാനം വര്‍ധനവിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നിരക്ക് വര്‍ധനവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും സൂചന.
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് അഭ്യൂഹം. ഫെബ്രുവരി മുതല്‍ അഞ്ച് ശതമാനം വര്‍ധനവിന് സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍, ബെംഗളൂരുവിലെ മെട്രോ യാത്രയ്ക്ക് ഡൽഹി മെട്രോയേക്കാൾ ഇരട്ടി ചിലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോ ഗതാഗത കേന്ദ്രമായും ബെംഗളൂരു മാറും.
നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന പ്രചരണം ശക്തമായതോടെ, മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ ആശങ്കയിലാണ്. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം 2026 ഫെബ്രുവരി മുതൽ ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്കുകൾ 5% വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതഗതാഗത നിരക്കുകള്‍ പ്രീമിയം സേവനമല്ലെന്നും, സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന തരത്തിലായിരിക്കണമെന്നും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. നിരക്ക് വര്‍ധിപ്പിച്ചാല്‍, അത് മെട്രോ യാത്രയുടെ സ്വീകാര്യത കുറയ്ക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. നിരവധി പേരാണ് ആശങ്കകള്‍ പ്രകടിപ്പിച്ചത്.
Also Read: Namma Metro: 16 ട്രെയിനുകള്‍ 8 മിനിറ്റില്‍ എത്തും; താവരക്കരെയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ചര്‍ച്ചകള്‍ നിര്‍ത്തി?
അതേസമയം, നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നിര്‍ത്തിവച്ചതായാണ് സൂചന. നിരക്ക് വര്‍ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നാണ് ബിഎംആര്‍സിഎല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
കമ്മിറ്റി ശുപാർശകൾ നല്‍കിയെങ്കിലും, നിരക്ക് വർധനയുമായി ബന്ധപ്പെട്ട ഒരു നടപടിക്രമവും ആരംഭിച്ചിട്ടില്ലെന്ന് ബിഎംആർസിഎൽ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരുടെ മേല്‍ അധിക ഭാരം ചുമത്താന്‍ നിലവില്‍ നീക്കമില്ലെന്നും, ഭാവിയില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് പൊതുജനങ്ങളെ അറിയിക്കുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
രാഷ്ട്രീയ വിവാദം
മെട്രോ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകള്‍ രാഷ്ട്രീയ വിവാദവുമായി. കര്‍ണാടക സര്‍ക്കാരിനെയും, ബിഎംആര്‍സിഎല്ലിനെയും വിമര്‍ശിച്ച് ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യ രംഗത്തെത്തി. സംസ്ഥാന സർക്കാർ നിരക്ക് നിശ്ചയിക്കുന്നതിലെ അപാകതകൾ മൂലമുണ്ടായ തെറ്റുകൾ തിരുത്തുന്നതിൽ അനാസ്ഥ കാണിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
ബെംഗളൂരുവിലുടനീളം യാത്രാ നിരക്ക് വർധനവിനെതിരെ പൊതുജനങ്ങൾ പ്രതിഷേധം ആരംഭിക്കുന്നതിനുമുമ്പ്, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഒരു പുതിയ നിരക്ക് നിർണ്ണയ കമ്മിറ്റി രൂപീകരിച്ച് പുതുക്കിയ യാത്രാ നിരക്ക് ഘടന നിശ്ചയിക്കണമെന്നും, യാത്രക്കാരുടെ ഭാരം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Bengaluru Metro has become the costliest in the country, thanks to the state government’s negligence in correcting mistakes caused by anomalies in fare fixation.
As a result, Bengaluru metro travel now costs nearly twice as much as in Delhi, Mumbai, and Chennai, leading to a… pic.twitter.com/xQqam0hRWU
— Tejasvi Surya (@Tejasvi_Surya) January 17, 2026