POCSO case: കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വിളിച്ചു കുറ്റിക്കാട്ടിലെത്തിച്ചു; 3 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു കൊന്നയാൾ പിടിയിൽ
Latest POCSO Case: സംഭവത്തിൽ കടപ്പ സ്വദേശിയായ റഹ്‌മത്തുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. വിവാഹ വേദിക്ക് സമീപം കളിച്ചുകൊണ്ടിരുന്നു ഇരയായ പെൺകുട്ടി.
ഹൈദരാബാദ്: മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ ആയി. ആന്ധ്രാപ്രദേശിലെ കടപ്പയിൽ മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത് എന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ കടപ്പ സ്വദേശിയായ റഹ്‌മത്തുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. വിവാഹ വേദിക്ക് സമീപം കളിച്ചുകൊണ്ടിരുന്നു ഇരയായ പെൺകുട്ടി. കുട്ടിയ്ക്ക് പഴം നൽകാമെന്ന് പറഞ്ഞാണ് റഹ്‌മത്തുള്ള വിളിച്ചു വരുത്തിയത്. ഇയാളെ വിശ്വസിച്ച് അടുത്തേക്ക് ചെന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ തിരച്ചിൽ ആരംഭിച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് വിവാഹ വേദിയുടെ അൽപ്പം ദൂരെയുള്ള കുറ്റിച്ചെടികൾക്കിടയിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ റഹ്‌മത്തുള്ളയാണ് പ്രതിയെന്ന് തിരിച്ചറിയുകയും ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
പോലീസ് ചോദ്യം ചെയ്യലിൽ റഹ്‌മത്തുള്ള കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി.