School Girls Buys Alcohol : മദ്യം വാങ്ങാൻ സ്കൂൾ യൂണിഫേമിലെത്തിയ പെൺകുട്ടികൾ; ഒരു വാക്ക് പോലും ചോദിക്കാതെ കുപ്പി എടുത്ത് കൊടുത്ത് ജീവനക്കാരൻ
Madhya Pradesh School Girls Buys Alcohol Video : മധ്യപ്രദേശിലെ മാണ്ഡ്ല ജില്ലയിലെ നൈനപ്പൂരിലാണ് സംഭവം നടന്നത്. പെൺകുട്ടികൾ മദ്യഷോപ്പിലെത്തി മദ്യം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

മദ്യഷോപ്പിൽ നിന്നും പെൺകുട്ടികൾ മദ്യം വാങ്ങുന്നു
ഭോപ്പാൽ : സ്കൂൾ യൂണിഫോമിലെത്തി മദ്യം വാങ്ങുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മധ്യപ്രദേശിലെ മാണ്ഡ്ല ജില്ലയിലെ നൈനപ്പൂരിൽ പ്രവർത്തിക്കുന്ന സർക്കാർ മദ്യഷോപ്പിൽ നിന്നുമാണ് പെൺകുട്ടികൾ മദ്യം വാങ്ങിയത്. മദ്യഷോപ്പിലെത്തി പെൺകുട്ടികൾ മദ്യം വാങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തി വൈറലാകുകയും ചെയ്തു. പിന്നാലെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ് ദൃശ്യങ്ങൾ.
യൂണിഫോമിലെത്തുന്ന പെൺകുട്ടികൾ തലയും മുഖവും ഷോളുകൊണ്ട് മറച്ചാണ് മദ്യവാങ്ങുന്നത്. എന്നാൽ സ്കൂൾ പെൺകുട്ടികളെ കണ്ടിട്ടും മദ്യഷോപ്പിലെ ഒരു വാക്ക് പോലും ചോദിക്കാതെ ജീവനക്കാരാൻ അവർക്ക് മദ്യക്കുപ്പി നൽകി. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ ജില്ല അധികാരികൾ അന്വേഷണം പ്രഖ്യാപിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേറ്റും, തഹ്സിൽദാറും, പോലീസും സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ മദ്യം വാങ്ങിയത് പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തി. തുടർന്ന് മദ്യഷോപ്പിൻ്റെ ലൈസെൻസിക്കെതിരെ നടപടി സ്വീകരിക്കാൻ എസ്ഡിഎം എക്സൈസ് വകുപ്പിന് നിർദേശം നൽകി. വിശദമായ റിപ്പോർട്ട് ജില്ല മജിസ്ട്രേറ്റിന് സമർപ്പിച്ചതിന് തുടർ നടപടികളെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഷോപ്പ് ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.