Bangalore Moral Policing: ‘നിൻ്റെ ബുർഖ അഴിക്കൂ’; മതത്തിൻ്റെ പേരിൽ ബെംഗളൂരുവിൽ സദാചാര ആക്രമണം
Bangalore Moral Policing Case: പെൺകുട്ടിയോട് ബുർഖ നീക്കം ചെയ്യാനും പേര് പറയാനും അയാൾ ആവശ്യപ്പെടുന്നതായി വീഡിയോയിൽ കാണാം. മുസ്ലീം യുവതിയോടും ഹിന്ദുവായ യുവാവിനും നേരെയാണ് ആക്രമണം. എന്തിനാണ് ഒരു മുസ്ലീം യുവതിയുമായി ബന്ധം സ്ഥാപിക്കുന്നതെന്നും ഇവർ യുവാവിനോട് ചോദിക്കുന്നുണ്ട്.

ബെംഗളൂരു: മതത്തിൻ്റെ പേരിൽ ബെംഗളൂരുവിൽ വീണ്ടും (Bangalore Moral Policing) സദാരാചാര ആക്രമണമെന്ന് റിപ്പോർട്ട്. ഒന്നിച്ചിരുന്ന യുവതിയെയും യുവാവിനെയുമാണ് അജ്ഞാതൻ ചോദ്യം ചെയ്തത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയോട് ബുർഖ നീക്കം ചെയ്യാനും പേര് പറയാനും അയാൾ ആവശ്യപ്പെടുന്നതായി വീഡിയോയിൽ കാണാം. മുസ്ലീം യുവതിയോടും ഹിന്ദുവായ യുവാവിനും നേരെയാണ് ആക്രമണം. എന്തിനാണ് ഒരു മുസ്ലീം യുവതിയുമായി ബന്ധം സ്ഥാപിക്കുന്നതെന്നും ഇവർ യുവാവിനോട് ചോദിക്കുന്നുണ്ട്.
തങ്ങളെ വെറുതെ വിടണമെന്ന് പെൺകുട്ടി അപേക്ഷിക്കുന്നതായും പിന്നെയും ഭീഷണിപ്പെടുത്തുന്നതായും വീഡിയോയിൽ കാണാം. നമ്മുടെ സമുദായത്തിലെ ആളുകൾ ഇപ്പോൾ എത്തുമെന്നും അതുവരെ സ്ഥലത്ത് നിന്ന് പോകാൻ പാടില്ലെന്നും ഇരുവരോടെ ആയാൾ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പോലീസ് അധികൃതരുടെ കൈവശവും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ നടപടയുണ്ടാകുമെന്നാണ് വിവരം. ഈ മാസം ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സദാചാര ആക്രമണമാണിത്. ഇതിന് മുമ്പ് പാർക്കിൽ ഇരിക്കുകയായിരുന്ന മറ്റൊരു യുവതിയെയും യാവാവിനെയുമാണ് സമാന രീതിയിൽ ആക്രമിച്ചത്.
വ്യത്യസ്ത സമുദായത്തിൽപ്പെട്ട യുവതിയും യുവാവുമാണെന്ന് മനസ്സിലാക്കിയ ശേഷമാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്. നാണമില്ലേയെന്നും ഇവൾ അന്യമതസ്ഥയാണെന്ന് അറിഞ്ഞിട്ടും എന്ത് ധൈര്യത്തിലാണ് ഇവളുമായി പൊതുസ്ഥലത്ത് സംസാരിച്ചിരിക്കുന്നതെന്നും ആക്രമികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. പെൺകുട്ടിക്ക് നേരെയും ഭീഷണിയുയർത്തുന്നുണ്ട്. ‘നീ എവിടെയാണ് ആരോടൊപ്പമാണ് എന്നൊക്കെ നിന്റെ വീട്ടുകാർക്ക് അറിയുമോ’, എന്നായിരുന്നു യുവതിയോടുള്ള ചോദ്യം.
അതേസമയം, ഈ സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് വീഡിയോയിലുള്ള അഞ്ച് യുവാക്കളെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നാണ് വിവരം. മാഹിം, അഫ്രിദി, വസീം, അൻജും എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.