IndiGo Fined: യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ഡിജിസിഎ; 22.20 കോടി രൂപ പിഴ ചുമത്തി
IndiGo Fined Rs 22 Crore: ഇൻഡിഗോ എയർലൈൻസിനെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 22.20 കോടി രൂപയാണ് ഡിജിസിഎ പിഴ ചുമത്തിയത്.

IndiGo
ന്യൂഡൽഹി: കഴിഞ്ഞ ഡിസംബർ മാസത്തിൽ രാജ്യവ്യാപകമായി നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്ത സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 22.20 കോടി രൂപയാണ് ഡിജിസിഎ പിഴ ചുമത്തിയത്. ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയിലാണ് നിരവധി വിമാനങ്ങള്‍ റദ്ദായത്. ഏതാണ്ട് 2,507 വിമാനങ്ങള്‍ റദ്ദാവുകയും, 1,852 വിമാനങ്ങള്‍ വൈകുകയും ചെയ്തു.
തുടര്‍ന്ന് സംഭവത്തില്‍ ഡിജിസിഎ വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴശിക്ഷ ചുമത്തിയത്. വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡിജിസിഎ രൂപീകരിച്ച നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.
വ്യോമയാന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആറു കേസുകളില്‍ ഒറ്റത്തവണ പിഴയായി 1.80 കോടി രൂപ ചുമത്തി. എഫ്‌ഡിടിഎൽ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചയടക്കം നടപടിക്ക് കാരണമായി. 2025 ഡിസംബർ 5 നും 2026 ഫെബ്രുവരി 10 നും ഇടയിൽ 68 ദിവസത്തേക്ക് തുടർച്ചയായി നിയമങ്ങൾ പാലിക്കാത്തതിനാണ് 20.40 കോടി രൂപ പിഴ ചുമത്തിയത്. പ്രതിദിനം 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ഇന്‍ഡിഗോ മാനേജ്‌മെന്റിന് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. മേല്‍നോട്ടത്തിലെ അപര്യാപ്തതയ്ക്കും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് മുന്നറിയിപ്പ് നല്‍കിയത്. വിവിധ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ഡിജിസിഎ നിര്‍ദ്ദേശിച്ചു. ഇന്‍ഡിഗോ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡിജിസിഎ കര്‍ശന നിര്‍ദ്ദേശം നല്‍കി.