Aam Aadmi Party: ഇനി ഒറ്റയ്ക്ക്, ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി
Aam Aadmi Party: പാർലമെന്റിലെ കാര്യങ്ങളിൽ ടിഎംസി, ഡിഎംകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്നുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി. ഇനി മുതൽ പാർട്ടി ഇന്ത്യ സംഖ്യത്തിന്റെ ഭാഗമല്ലെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് വ്യക്തമാക്കി.
തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്നും സഞ്ജയ് സിങ് അറിയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യം കഴിഞ്ഞ വർഷത്തെ ലോക് സഭ തിരഞ്ഞെടുപ്പിന് വേണ്ടി ആരംഭിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിലും തങ്ങൾ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇനി വരുന്ന ബിഹാർ തിരഞ്ഞെടുപ്പിലും സ്വതന്ത്രായിട്ടാകും മത്സരിക്കുക എന്നും സഞ്ജയ് സിങ് പറഞ്ഞു.
എന്നാൽ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുമായി ആംആദ്മി തന്ത്രപരമായ ഐക്യങ്ങൾ തുടരും. പാർലമെന്റിലെ കാര്യങ്ങളിൽ ടിഎംസി, ഡിഎംകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്നുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.
ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഡൽഹിയിലെ ചേരികൾ പൊളിച്ചുമാറ്റുന്നതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ പാർട്ടി ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.