Nimisha Priya case: ആഗസ്റ്റ് 14-ന് സുപ്രീംകോടതി വീണ്ടും വാദം കേൾക്കും, പ്രധാന നിർദ്ദേശങ്ങളിത്
അടിയന്തര പരിഗണന മാപ്പ് ഉറപ്പാക്കുകയെന്നതാണെന്നും അതിനുശേഷം ബ്ലഡ് മണി സംബന്ധിച്ച വിഷയം പരിഗണിക്കാമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ഹർജിയിൽ സുപ്രീംകോടതി ഓഗസ്റ്റ് 14-ന് വീണ്ടും വാദം കേൾക്കും. ജൂലൈ 16-ന് നിശ്ചയിച്ചിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ പിന്നീട് മാറ്റി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ മോചനം വേഗത്തിലാക്കാൻ ആക്ഷൻ കൗണ്‍സിലിൻ്റെ നേതൃത്വത്തിൽ വിഷയം സുപ്രീംകോടതിയിലും എത്തിച്ചത്. അതേസമയം ആഭ്യന്തര കലാപങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വളരെയധികം ബാധിച്ച യെമനിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, നയതന്ത്രപരമായി ഇന്ത്യ കഴിയുന്നതിൻ്റെ പരമാവധിയിയാണ് ചെയ്യുന്നതെന്ന് സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം അടിയന്തര പരിഗണന മാപ്പ് ഉറപ്പാക്കുകയെന്നതാണെന്നും അതിനുശേഷം ബ്ലഡ് മണി സംബന്ധിച്ച വിഷയം പരിഗണിക്കാമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. നയതന്ത്ര സംവിധാനങ്ങൾ വഴി നിമിഷപ്രിയയുടെ വിടുതൽ ഉറപ്പാക്കണമെന്നാണ് ആക്ഷൻ കൗണ്‍സിലിൻ്റെ ആവശ്യങ്ങളിൽ ഒന്ന്. ഒപ്പം കേരളത്തിൽ നിന്നുള്ള ചില സാമൂഹിക പ്രവർത്തകരെയും മുസ്ലീം മതനേതാവിനെയും യെമനിലേക്ക് അയയ്ക്കണമെന്നും ഇതുവഴി അവർക്ക് മരിച്ചയാളുടെ കുടുംബത്തെ കാണാനും ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്താനും കഴിയുമെന്നും അവർ ആവശ്യപ്പെട്ടു. നിമിഷയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കുക എന്നതാണ് തങ്ങളുടെ ശ്രമം, ഇതിന് സർക്കാരിൻ്റെ അനുമതി ആവശ്യമാണ്,” എന്ന് വാദം കേൾക്കുന്നതിനിടെ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് കോടതിയിൽ പറഞ്ഞു.
കോടതി പറഞ്ഞത്?
വിഷയത്തിൽ ഹർജിക്കാരൻ കേന്ദ്ര സർക്കാരിന് ഔപചാരികമായി അപേക്ഷ നൽകണമെന്നാണ് കോടതി നിർദ്ദേശം . യാത്ര അനുവദിക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാരിന് ഇപ്പോൾ ഒരു ഉറപ്പും നൽകാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും കോടതിയെ അറിയിച്ചു. “നിമിഷ സുരക്ഷിതമായി തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്നും, ചർച്ചകൾക്ക് എന്തെങ്കിലും പ്രതികൂല ഫലമുണ്ടായാൽ സ്ഥിതി കൂടുതൽ വഷളായേക്കാം” എന്നും അദ്ദേഹം പറഞ്ഞു.