mysore pak: ഈ ‘പാക്ക്’ വേറെ, പാകിസ്താൻ അല്ല; മൈസൂർ പാക്കിന് പിന്നിലെ കഥ
Story of Mysore Pak: മൈസൂർ പാക്കിനെ പോലെ മോട്ടി പാക്കി, ഗോണ്ട് പാക്ക് എന്നിവയുടെ പേരിലും പാക്ക് വെട്ടി ശ്രീ ചേർത്തിട്ടുണ്ട്. എന്നാൽ ഈ പലഹാരങ്ങളിലെ പാക്കിന് പാകിസ്താനുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ഇന്ത്യ പാകിസ്താൻ സംഘർഷത്തിന് പിന്നാലെ പാക്ക് എന്ന കേട്ടാലേ പ്രശ്നമാണ്. കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ആക്രമണങ്ങളെല്ലാം വലിയ വാർത്തയായിരുന്നു.
ഇപ്പോഴിതാ പാക്ക് എന്ന പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ നമ്മുടെ മൈസൂർ പാക്കാണ് പേര് മാറ്റലിന് വിധേയമായത്. മധുരപലഹാരത്തിന്റേ പേരിലെ പാക്ക് വെട്ടി മാറ്റി ശ്രീ എന്നാക്കിയിരിക്കുകയാണ് രാജസ്ഥാനിലെ കടയുടമകൾ. ഇനി മൈസൂർ പാക്ക് മൈസൂർ ശ്രീ എന്ന പേരിലായിരിക്കും അറിയപ്പെടുന്നതെന്നും അവർ പറയുന്നു.
മൈസൂർ പാക്കിനെ പോലെ മോട്ടി പാക്കി, ഗോണ്ട് പാക്ക് എന്നിവയുടെ പേരിലും പാക്ക് വെട്ടി ശ്രീ ചേർത്തിട്ടുണ്ട്. എന്നാൽ ഈ പലഹാരങ്ങളിലെ പാക്കിന് പാകിസ്താനുമായി എന്തെങ്കിലും ബന്ധമുണ്ടോ?
മൈസൂർ പാക്കിലെ പാക്ക് എന്താണ്?
ലോക പ്രശസ്തമായ ഒരു ഇന്ത്യൻ പലഹാരമാണ് മൈസൂർ പാക്ക്. പേര് സൂചിപ്പിക്കുന്നത് പോലെ മൈസൂരിൽ നിന്ന് തന്നെയാണ് ഇവയുടെ ഉത്ഭവം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൃഷ്ണരാജ വോഡയാർ നാലാമനാണ് മൈസൂർ ഭരിച്ചിരുന്നത്. വലിയ ഭക്ഷണ പ്രേമിയായ അദ്ദേഹം കാകാസുര മാദപ്പ എന്നൊരാളെ പ്രധാന പാചകക്കാരനായി നിയമിച്ചു.
ALSO READ: നമുക്കൊരു ‘മൈസൂര്‍ ശ്രീ’ ഉണ്ടാക്കിയാലോ? ഞെട്ടണ്ട മൈസൂര്‍ പാക്ക് ഇനി ഇങ്ങനെ അറിയപ്പെടും
മാദപ്പ പുതിയ പുതിയ വിഭവങ്ങൾ പരീക്ഷിക്കുകയും അത് രാജാവിന് നൽകുകയും ചെയ്തിരുന്നു.
ഒരിക്കൽ അദ്ദേഹം കടലപ്പൊടി, പഞ്ചസാര, നെയ്യ് എന്നിവ കുറുക്കി ഒരു വിഭവമുണ്ടാക്കി, രാജാവിന് വിളമ്പി. ആ വിഭവം രാജാവിന് വളരെ ഇഷ്ടപ്പെട്ടു. രാജാവ് മാദപ്പയെ വിളിച്ച് എന്താണീ വിഭവമെന്ന് ചോദിച്ചു. മാദപ്പ വിഭവത്തിന് നേരത്തേയുറപ്പിച്ചിരുന്ന പേര് രാജാവിനോട് പറഞ്ഞു, ‘മൈസൂർ പാക’.
പാക എന്നത് സംസ്കൃത പദമാണ്. മലയാളത്തിലേക്ക് മാറ്റിയാൽ പാകം എന്ന് കിട്ടും. പിന്നീട് ‘മൈസൂർ പാക’ എന്ന പേര് സാധാരണക്കാർക്കിടയിൽ പ്രചരിച്ചപ്പോൾ അത് മൈസൂർ പാക്ക് എന്നായി തീർന്നുവെന്ന് പറയപ്പെടുന്നു. കൂടാതെ, കന്നടയിൽ മധുരത്തിന് പാക്ക് എന്നാണ് അർത്ഥം. ഇതും മൈസൂർ പാക്ക് എന്ന പേരിന് കാരണമായിട്ടുണ്ട്.