New Delhi: വായുമലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ കൃത്രിമ മഴ; പരീക്ഷണം ജൂലായ് മാസത്തിൽ
Artificial Rain In New Delhi: രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാൻ തീരുമാനം. വായുമലിനീകരണം കുറയ്ക്കാനാണ് ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ തീരുമാനമായത്.
വായുമലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുന്നു. ജൂലായ് നാലിനും പതിനൊന്നിനും ഇടയിൽ കൃത്രിമ മഴ പെയ്യിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഈ കാലയളവിലെ കാലാവസ്ഥ പരിഗണിച്ചാവും തീരുമാനം. ഡൽഹിയിൽ ആദ്യമായാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം കുപ്രസിദ്ധമാണ്.
ഡൽഹി പരിസ്ഥിതിമന്ത്രി മഞ്ജീന്ദർ സിംഗ് സിസ്റയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള ഫ്ലൈറ്റ് പ്ലാൻ ഐഐടി കാൺപൂർ പൂനെയിലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കൈമാറിയിട്ടുണ്ട്. കൃത്യമായ തീയതിക്ക് പകരം ഒരു വിൻഡോ ആണ് കൃത്രിമ മഴയ്ക്ക് പരിഗണിച്ചിരിക്കുന്നത്.
“ജൂലായ് മൂന്ന് വരെ കൃത്രിമ മഴയ്ക്ക് പറ്റിയ സാഹചര്യമല്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നേരത്തെ തീരുമാനിച്ച സമയത്ത് സാഹചര്യം മോശമായാൽ മറ്റൊരു വിൻഡോ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. നഗരങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിൽ ഇതൊരു ചരിത്ര നീക്കമായിരിക്കും. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലാണ് ഇത് നടത്തുന്നത്. ഡൽഹിക്കാർക്ക് ശുദ്ധമായ വായു നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരുടെയും അടിസ്ഥാന അവകാശമാണത്.”- മഞ്ജീന്ദർ സിംഗ് സിസ്റ അറിയിച്ചു.
തങ്ങൾ വേനൽക്കാലത്ത് തന്നെ കൃത്രിമ മഴയ്ക്ക് ശ്രമിച്ചതാണെന്നും അതിന് ബിജെപിയും കേന്ദ്രസർക്കാരും ചേർന്ന് തടയിടുകയായിരുന്നു എന്നും ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. എന്നാൽ, അതിന് സിസ്റ തള്ളി. “ഞങ്ങളാണ് ആദ്യം ധാരണാപത്രം ഒപ്പിട്ടത്. ഞങ്ങളാണ് ഐഐടി കാൺപൂരിന് പണം നൽകിയത്. എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചത് ഞങ്ങളാണ്. കൃത്രിമ മഴയെപ്പറ്റി സംസാരിച്ചതല്ലാതെ അവർ ഒന്നും ചെയ്തില്ല. ഞങ്ങളാണെങ്കിൽ ആത്മാർത്ഥമായി ജോലിചെയ്തു. അതാണ് സർക്കാർ നിലവിൽ നിന്ന് നാല് മാസത്തിനകം ഞങ്ങൾക്കിത് സാധ്യമായത്.”- അദ്ദേഹം കൂട്ടിച്ചേർത്തു.