Operation Sindhu: ഓപ്പറേഷൻ സിന്ധു; ശനിയാഴ്ച അർധരാത്രി വരെ തിരിച്ചെത്തിയത് 1117 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം
1117 Indian Nationals Evacuated from Iran: ഇറാനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നരെ ഏകോപിപ്പിച്ചു കൊണ്ട് ഇന്ത്യൻ എംബസിയാണ് ഈ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്.

ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇറാനിൽ നിന്ന് ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച (ജൂൺ 21) അർധരാത്രി വരെ തിരിച്ചെത്തിയത് 1117 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 110 പേർ ഉൾപ്പെടുന്ന ആദ്യ സംഘം പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിയത് വ്യാഴാഴ്ചയാണ്. ഇറാനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നരെ ഏകോപിപ്പിച്ചു കൊണ്ട് ഇന്ത്യൻ എംബസിയാണ് ഈ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്.
310 പേർ അടങ്ങുന്ന സംഘവുമായി ശനിയാഴ്ച വൈകീട്ട് 4.30 ഓടെ ഇറാനിലെ മാഷാദിൽ നിന്നുള്ള പ്രത്യേക വിമാനം ഡൽഹിയിൽ എത്തി. ഇതിൽ ഭൂരിഭാഗം പേരും കശ്മീർ സ്വദേശികൾ ആയിരുന്നു. കൂടാതെ, ശനിയാഴ്ച രാത്രി 11.30നും 290 പേർ അടങ്ങുന്ന സംഘവുമായി മറ്റൊരു വിമാനവും ഡൽഹിയിൽ എത്തിയിരുന്നു. ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ ഇറാനിൽ നിന്ന് ഇന്ത്യയിൽ എത്തിയത് അഞ്ച് പ്രത്യേക വിമാനങ്ങളാണ്.
വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പങ്കുവെച്ച പോസ്റ്റ്:
#OperationSindhu gains momentum.
290 Indian nationals have returned home safely from Iran on a special flight from Mashhad that landed in New Delhi at 2330 hrs on 21 June 2025.
With this, 1,117 Indian nationals have been evacuated from Iran. pic.twitter.com/FScyeKslzw
— Randhir Jaiswal (@MEAIndia) June 21, 2025
ഇറാനിൽ നിന്ന് ഞായറാഴ്ച എത്തുന്ന വിമാനത്തിൽ പത്തോളം മലയാളികൾ ഉണ്ടാകും. സംഘർഷ മേഖലയിൽ നിന്ന് എത്തുന്ന ഇവരെ സഹായിക്കാൻ ഡൽഹി കേരള ഹൗസിൽ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട് എന്നാണ് വിവരം. നേപ്പാൾ, ശ്രീലങ്ക സർക്കാരുടെ അഭ്യർത്ഥന അനുസരിച്ച് ഇരുരാജ്യങ്ങളിൽ നിന്നുള്ളവരെയും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമാകുമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.