Narendra Modi: പ്രധാനമന്ത്രി ഇന്ന് ഒഡീഷയിൽ; 60,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
Narendra Modi In Odisha: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒഡീഷയിൽ. 60,000 കോടി രൂപയുടെ വിവിധ പദ്ധതികൾ അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒഡീഷ സന്ദർശിക്കും. വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനും തറക്കല്ലിടാനുമായാണ് പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദർശനം. ഝാർസുഗുഡയിൽ 60,000 കോടിയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.
ടെലികമ്മ്യൂണിക്കേഷൻസ്, റെയിൽവേ, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യവികസനം, പാർപ്പിടം തുടങ്ങി വിവിധ മേഖലകളിലായാണ് വികസനപദ്ധതികൾ. ഉദ്ഘാടനങ്ങൾക്ക് ശേഷം അദ്ദേഹം പൊതുവേദിയിൽ സംസാരിക്കും. 37,000 കോടി രൂപ മുടക്കി നിർമ്മിച്ച 97,500ലധികം മൊബൈൽ 4ജി ടവറുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും. സ്വദേശി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ടവറുകളാണ് ഇത്.
ആകെയുള്ളതിൽ 18,900 ടവറുകൾ ഡിജിറ്റൽ ഭാരത് നിധിയാണ് സ്പോൺസർ ചെയ്തത്. 20 ലക്ഷം പുതിയ സബ്സ്ക്രൈബർമാരെ ഇത് സഹായിക്കുമെന്ന് വാർത്താകുറിപ്പിൽ പറയുന്നു. പുറം ലോകവുമായി ബന്ധമില്ലാത്ത 26,700 ഗ്രാമങ്ങളിലുള്ളവർക്ക് ഈ ടവറുകൾ പ്രയോജനം ചെയ്യും. സൗരോർജത്തിലാണ് ഈ ടവറുകൾ പ്രവർത്തിക്കുക. രാജ്യത്തെ ഏറ്റവും വിശാലമായ ഗ്രീൻ ടെലികോം സൈറ്റ് ആണ് ഇത്.
ഇതിനൊപ്പം സമ്പാൽപൂർ – സർല ഫ്ലൈഓവറിനും കോരപുട് – ബൈഗുഡ ലൈൻ ഇരട്ടിപ്പിക്കലിനും ഉൾപ്പെടെ വിവിധ റെയിൽവേ പ്രൊജക്ടിനും പ്രധാനമന്ത്രി തറക്കല്ലിടും. ബെർഹാമ്പൂർ – ഉധ്ന എന്നീ സ്ഥലങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന അമൃത് ഭാരത് എക്സ്പ്രസിന് ഫ്ലാഫ് ഓഫ് ചെയ്യും.
എട്ട് ഐഐടികൾ വിപുലീകരിക്കാനും പ്രധാനമന്ത്രി തറക്കല്ലിടും. തിരുപ്പതി, പാലക്കാട്, ബിലായ്, ജമ്മു, ധർവാഡ്, ജോധ്പൂർ, പാട്ന, ഇൻഡോർ എന്നിവിടങ്ങളിലെ ഐഐടികൾ നവീകരിക്കാൻ 11,000 കോടി രൂപയാണ് ചിലവ്.