Raihan Vadra: വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ഗാന്ധിയുടെ മകൻ
Priyanka Gandhi's Son Engagement: രാജസ്ഥാനിലെ രൺതംബോറിൽ അടുത്ത കുടുംബാംഗങ്ങളുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. ഇരുവരും ഏഴ് വർഷത്തോളമായി പ്രണയത്തിലായിരുന്നു. അധികം വൈകാതെ തന്നെ വിവാഹം നടന്നേക്കും.
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ മകൻ റേഹാൻ വാദ്രയും അവിവ ബൈഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുട്ടിക്കാലത്തെ ചിത്രമുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ഇരുവരും സന്തോഷവാർത്ത അറിയിച്ചത്. ഡിസംബർ 29ന് രാജസ്ഥാനിലെ രൺതംബോറിൽ അടുത്ത കുടുംബാംഗങ്ങളുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്.
ഇരുവരും ഏഴ് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ തന്നെ വിവാഹം നടന്നേക്കും. 25കാരനായ റേഹാൻ കഴിഞ്ഞയാഴ്ച ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ അവിവയോട് വിവാഹാഭ്യർഥന നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
റേഹാനും അവിവയും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആദ്യചിത്രം. റെയ്ഹാൻ ഒരു ഷെർവാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്.
View this post on Instagram
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകനാണ് റേഹാൻ വാദ്ര. ഡൽഹി സ്വദേശിയായഅവിവ ബൈഗ് ഇന്റീരിയർ ഡിസൈനർ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്നു. പിതാവ് ഇമ്രാൻ ബൈഗ് വ്യവസായിയാണ്. അമ്മ നന്ദിത ബൈഗ് ഇന്റീരിയർ ഡിസൈനറാണ്.
ഡൽഹിയിലെ മോഡേൺ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അവിവ ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ഉന്നത വിദ്യാഭ്യാസം നേടി. റേഹാൻ ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) ഉന്നത വിദ്യാഭ്യാസം നേടി. വിഷ്വൽ ആർട്ടിസ്റ്റാണ്.