Rahul Gandhi: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഒരു ആറ്റം ബോംബ് കൈയ്യിലുണ്ട് – രാഹുൽ ഗാന്ധി
Rahul Gandhi has accused the Election Commission : എന്നാൽ രാഹുലിന്റെ ഭീഷണി തള്ളിക്കളഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. തെളിവുകൾ ഇല്ലാതെയാണ് രാഹുൽഗാന്ധി ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് കമ്മീഷൻ പ്രതികരിച്ചു.
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കമ്മീഷന് എതിരെ തന്റെ കയ്യിൽ ആറ്റംബോംബ് ഉണ്ടെന്നും തെളിവുകൾ പുറത്ത് വന്നാൽ അത് ബോംബ് പോലെ പൊട്ടും എന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിരമിച്ചാലും ജയിലിൽ പോകേണ്ടി വരും എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
എന്നാൽ രാഹുലിന്റെ ഭീഷണി തള്ളിക്കളഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. തെളിവുകൾ ഇല്ലാതെയാണ് രാഹുൽഗാന്ധി ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് കമ്മീഷൻ പ്രതികരിച്ചു. 2025 ജൂൺ 12ന് രാഹുൽ ഗാന്ധിക്ക് കത്തയച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ലെന്ന് കമ്മീഷൻ അറിയിച്ചു. ഒരു പ്രശ്നത്തെക്കുറിച്ചും അദ്ദേഹം ഇതുവരെ ഒരു പരാതിയും കമ്മീഷനും നൽകിയിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത് എന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി ഇപ്പോൾ കമ്മീഷനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം വിരുത്തരവാദപരമായ എല്ലാ പ്രസ്താവനകളും അവഗണിക്കുന്നതായും നിഷ്പക്ഷമായും സുതാര്യമായും പ്രവർത്തിക്കാൻ എല്ലാ ജീവനക്കാർക്കും നിർദ്ദേശം നൽകിയതായി കമ്മീഷൻ വ്യക്തമാക്കി.