Richest Chief Ministers: സമ്പത്തില്‍ മുന്നില്‍ ചന്ദ്രബാബു, പിന്നില്‍ മമത; പിണറായിയുടെ ആസ്തി ഇത്ര
Indian chief ministers assets details: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സമ്പത്തില്‍ ഏറ്റവും പിന്നില്‍. 15.38 ലക്ഷം രൂപയാണ് മമതയുടെ ആസ്തി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും, കേരള മുഖ്യമന്ത്രി പിണറായി വിജയനുമാണ് ആസ്തിയില്‍ പിന്നിലുള്ള മറ്റ് രണ്ട് മുഖ്യമന്ത്രിമാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് എഡിആര്‍ റിപ്പോര്‍ട്ട് ചെയ്തു. 931 കോടി രൂപയിലധികം രൂപയുടെ സ്വത്തുക്കള്‍ അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. 810 കോടിയിലധികം രൂപ ജംഗമ ആസ്തികളും 121 കോടിയിലധികം രൂപ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ വിശകലനം ചെയ്താണ് എഡിആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
രാജ്യത്തെ 30 മുഖ്യമന്ത്രിമാര്‍ക്കും കൂടി 1,632 കോടി രൂപയുടെ സ്വത്തുണ്ട്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് പട്ടികയിൽ രണ്ടാമത്. 332 കോടിയിലധികം ആസ്തിയാണ് പേമ ഖണ്ഡുവിനുള്ളത്. 165 കോടി രൂപയുടെ ജംഗമ ആസ്തികളും 167 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഉള്‍പ്പെടുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മൂന്നാമത്. 51 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 21 കോടി രൂപ ജംഗമ ആസ്തിയും 30 കോടി രൂപ സ്ഥാവര ആസ്തിയും ഉൾപ്പെടുന്നു.
മമത ‘പാവം’
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സമ്പത്തില്‍ ഏറ്റവും പിന്നില്‍. 15.38 ലക്ഷം രൂപയാണ് മമതയുടെ ആസ്തി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും, കേരള മുഖ്യമന്ത്രി പിണറായി വിജയനുമാണ് ആസ്തിയില്‍ പിന്നിലുള്ള മറ്റ് രണ്ട് മുഖ്യമന്ത്രിമാര്‍. 55.24 ലക്ഷം രൂപയുടെ ജംഗമ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 1.18 കോടി രൂപയുടെ ആസ്തി പിണറായി വിജയനുണ്ട്. ഇതിൽ 31.8 ലക്ഷം രൂപ ജംഗമ സ്വത്തുക്കളും 86.95 ലക്ഷം രൂപ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു.