Sharad Pawar: കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം ചൂഷണം ചെയ്യുമെന്ന എൻ്റെ മുന്നറിയിപ്പ് യുപിഎ സർക്കാർ അവഗണിച്ചു: ശരദ് പവാർ
Sharad Pawar On PMLA misuse: യുപിഎ സർക്കാരിനെതിരെ വിമർശനവുമായി ശരദ് പവാർ. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം ചൂഷണം ചെയ്യുമെന്ന തൻ്റെ മുന്നറിയിപ്പ് യുപിഎ സർക്കാർ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം ചൂഷണം ചെയ്യുമെന്ന തൻ്റെ മുന്നറിയിപ്പ് യുപിഎ സർക്കാർ അവഗണിച്ചെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. ശിവസേന എംപി സഞ്ജയ് റാവത്തിൻ്റെ പുസ്തകമായ ‘നർകടല സ്വർഗ്’ എന്ന പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ വച്ചാണ് ശരദ് പവാറിൻ്റെ ആരോപണം. ഈ നിയമം ദുരുപയോഗം ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വഴി പ്രതിപക്ഷ പാർട്ടി നേതാക്കളെ എൻഡിഎ സർക്കാർ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
താൻ യുപിഎ സർക്കാരിൻ്റെ ഭാഗമായിരുന്ന സമയത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരമാണ് ഈ നിയമം കൊണ്ടുവന്നതെന്ന് ശരദ് പവാർ പറഞ്ഞു. പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കണ്ട് ഈ നിയമം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് താൻ മുന്നറിയിപ്പ് നൽകി. 2014ന് ശേഷം ബിജെപി സർക്കാർ ഈ നിയമം ദുരുപയോഗം ചെയ്യുകയാണ്. ചിദംബരം ഉൾപ്പെടെ പല പ്രതിപക്ഷ നേതാക്കളെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. സഞ്ജയ് റാവത്തും അനിൽ ദേശ്മുഖുമൊക്കെ ഈ നിയമത്തിൻ്റെ ഇരകളാണ് എന്നും അദ്ദേഹം പറഞ്ഞു.
യുപിഎ സർക്കാരിന് കീഴിൽ 9 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ ഈ നിയമം മൂലം നടപടിയെടുത്തിരുന്നു. എന്നാൽ, ആരെയും അറസ്റ്റ് ചെയ്തില്ല. നിലവിലെ എൻഡിഎ സർക്കാർ ലക്ഷ്യമിട്ടത് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഡിഎംകെ, ആർജെഡി, ടിഎംസി തുടങ്ങി വിവിധ പാർട്ടികളിൽ നിന്നുള്ള 19 നേതാക്കളെയാണ് എന്നും അദ്ദേഹം വിശദീകരിച്ചു. സ്വർഗതുല്യമായ ഇന്ത്യയെ എൻഡിഎ സർക്കാർ നരകമാക്കിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും താക്കറെ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഉദ്ധവ് താക്കറെയ്ക്കൊപ്പം തിരക്കഥാകൃത്തും ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ, തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെയും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. 2022 ൽ താൻ 101 ദിവസങ്ങൾ ജയിലിൽ കഴിഞ്ഞതിൻ്റെ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്.