Pakistan Spys: പല തവണ പാകിസ്ഥാൻ യാത്ര, എംബസിയിൽ സുഹൃത്ത്: ചാരപ്രവർത്തിക്ക് പിടിയിലായവരുടെ വിവരങ്ങൾ
ഈ വർഷം മാർച്ചിൽ പാകിസ്ഥാൻ യാത്രയെക്കുറിച്ചുള്ള വീഡിയോകളും ജ്യോതി മൽഹോത്ര പോസ്റ്റ് ചെയ്തിരുന്നു.ഇവരുടെ യാത്രകൾ പലതും സ്പോൺസേർഡ് ആയിരുന്നതായി പോലീസ് സംശയിക്കുന്നു
ഇന്ത്യയിലെ പാക് ചാരൻമാർക്കായി ശക്തമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് രഹസ്യാന്വേഷണ വിഭാഗം. ഇവരെ ചോദ്യം ചെയ്തു വരികയാണ്. നിലവിൽ ജ്യോതി മൽഹോത്രയടക്കം നാലുപേരെയാണ് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത്. ഉത്തർപ്രദേശ് സ്വദേശി നൗമാൻ ഇലാഹി, കൈതാൽ സ്വദേശി ദേവേന്ദർ സിംഗ് ധില്ലൺ, ഹരിയാന നുഹ് സ്വദേശി അർമാൻ എന്നിവരും ഉൾപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂരിന് ഒരു ദിവസം മുമ്പ് ജ്യോതി ന്യൂഡൽഹിയിൽ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ജീവനക്കാരനുമായ ഡാനിഷിനൊപ്പം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 2023-ൽ രണ്ടു തവണയാണ് ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചത്. ഇങ്ങനെ പാക് രഹസ്യാന്വേഷണ എജൻസിയായ ഐഎസ്ഐയുടെ ഉദ്യോഗസ്ഥർക്ക് ഇവരെ ഡാനിഷ് പരിചയപ്പെടുത്തുകയും, ചില സുപ്രധാന വിവരങ്ങൾ കൈമാറിയെന്നുമാണ് വിവരം.
ട്രാവൽ വിത്ത് ജോ എന്നാണ് ജ്യോതിയുടെ യൂട്യൂബ് ചാനലിൻ്റെ പേര്. ഇതിന് യൂട്യൂബിൽ 3.77 ലക്ഷം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 1.32 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. ജ്യോതി മൽഹോത്രയെ ഹിസാറിലെ ന്യൂ അഗർവാൾ എക്സ്റ്റൻഷൻ ഏരിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ വർഷം മാർച്ചിൽ പാകിസ്ഥാൻ യാത്രയെക്കുറിച്ചുള്ള വീഡിയോകളും ജ്യോതി മൽഹോത്ര പോസ്റ്റ് ചെയ്തിരുന്നു.ഇവരുടെ യാത്രകൾ പലതും സ്പോൺസേർഡ് ആയിരുന്നതായി പോലീസ് സംശയിക്കുന്നു.
മെയ് 12-നാണ്, ഹരിയാനയിലെ കൈതാൽ ജില്ലയിലെ ഗുഹ്ലയിൽ നിന്നും ദേവേന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ഒരു കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഇയാൾ കഴിഞ്ഞ വർഷം പാകിസ്ഥാനിലെ നങ്കാന സാഹിബ് സന്ദർശിച്ചിരുന്നു.
സന്ദർശനത്തിനിടെ, പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷം ബന്ധം തുടർന്നതായും പറയുന്നു. ഇടയിൽ പട്യാലയിലെ സൈനീക മേഖലയായ പട്യാല കൻ്റോൺമെൻ്റിൻ്റെ ചിത്രങ്ങളും പാകിസ്ഥാനിലേക്ക് അയച്ചതായി വിവരങ്ങളുണ്ട്. ഇത്തരത്തിൽ ഇതുവരെ രാജ്യത്തെ വിവിധിയിടങ്ങളിൽ നിന്നായി ഐഎസ്ഐ അനുകൂല ചാരൻമാരടക്കം ഒൻപത് പേരെയാണ് ഏജൻസികൾ അറസ്റ്റ് ചെയ്തത്.