Minister Vijay Shah: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി
Remark Against Colonel Sofiya Qureshi: കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ കേസെടുക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് വിജയ് ഷാ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. വിജയ് ഷാ നടത്തിയ പരാമർശം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. അധിക്ഷേപ പരാമർശത്തിന് ശേഷം നടത്തിയ ഖേദ പ്രകടനം മുതലക്കണ്ണീരാണോ എന്ന് വിമർശിച്ചുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഷായ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ കേസെടുക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് വിജയ് ഷാ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. അടുത്ത ചൊവ്വാഴ്ച രാവിലെ പത്തിന് മുൻപ് മൂന്ന് ഐപിഎസ് ഓഫീസർമാരടങ്ങുന്ന സംഘം രൂപീകരിക്കണമെന്നും, ഇതിൽ ഒരംഗം വനിതയാകണം എന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വിജയ് ഷാ നടത്തിയ പരാമർശം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.
‘നിങ്ങൾ നടത്തിയ പ്രസ്താവന രാജ്യത്തിന് മുഴുവൻ നാണക്കേടുണ്ടാക്കി, ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുൻപ് അതിന്റെ വരുംവരായ്കകൾ ചിന്തിക്കുക. പ്രസ്താവന നടത്തിയ ശേഷം നിങ്ങൾ നടത്തിയ ക്ഷമാപണം നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള മുതലക്കണ്ണീരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മന്ത്രി നടത്തിയ പരാമർശത്തിന്റെ വീഡിയോ കണ്ടിരുന്നു. ഒരു ജന പ്രതിനിധി എന്ന നിലയിൽ താങ്കൾ ഒരോ വാക്കുകൾ ഉപയോഗിക്കുമ്പോഴും വിവേകത്തോടെ പറയണം’ കോടതി പറഞ്ഞു.
ഇൻഡോറിൽ നടന്ന പരിപാടിയ്ക്കിടെയാണ് മധ്യപ്രദേശ് ആദിവാസിക്ഷേമ മന്ത്രിയായ കുൻവർ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. അവർക്ക് മറുപടി നൽകാൻ മോദി അവരുടെ സ്വന്തം സഹോദരിയെ തന്നെ അയച്ചു. അവർ ഹിന്ദുക്കളുടെ വസ്ത്രം നീക്കി പരിശോധിച്ചാണ് കൊലപ്പെടുത്തിയത്. മോദിജി അവരുടെ സഹോദരിയെ അയച്ച് അതേ നാണയത്തിൽ തിരിച്ചടിച്ചു. നിങ്ങൾ ഞങ്ങളുടെ സ്ത്രീകളെ വിധവകളാക്കിയാൽ ഞങ്ങൾ നിങ്ങളുടെ സ്ത്രീകളെ അയച്ച് തിരിച്ചടിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്’ എന്നായിരുന്നു ഷായുടെ പരാമർശം.