Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
Sunetra Pawar new Maharashtra deputy CM: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. സത്യപ്രതിജ്ഞ നാളെ നടക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍സിപി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യസഭ എംപിയാണ് സുനേത്ര.
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. സത്യപ്രതിജ്ഞ നാളെ നടക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍സിപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യസഭ എംപിയാണ് സുനേത്ര പവാര്‍. പാര്‍ട്ടിയുടെ ചുമതലയും സുനേത്ര ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സുനേത്ര പവാറിനെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലകളില്‍ എത്തിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.
ശനിയാഴ്ച നിയമസഭാ കക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തില്‍ സുനേത്രയെ നേതാവായി തിരഞ്ഞെടുക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ പറഞ്ഞു. സുനേത്രയ്ക്ക് എക്സൈസ്, സ്പോർട്സ് വകുപ്പുകൾ ലഭിക്കും. ബജറ്റ് സമ്മേളനം മാർച്ചിൽ നടക്കാനിരിക്കുന്നതിനാൽ ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് താൽക്കാലികമായി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ധനവകുപ്പ് പിന്നീട് എന്‍സിപിക്ക് ലഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സുനേത്ര ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചതായി ഛഗൻ ഭുജ്ബൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പല നേതാക്കളും സുനേത്ര ഉപമുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഭുജ്ബൽ വ്യക്തമാക്കി.
സുനേത്ര നിലവില്‍ മഹാരാഷ്ട്ര നിയമസഭയിലെ അംഗമല്ല. വിമാനാപകടത്തില്‍ അജിത് പവാര്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ ബാരാമതി ഒഴിഞ്ഞുകിടക്കുകയാണ്. സുനേത്ര ഇവിടെ മത്സരിക്കാനാണ് സാധ്യത.
ഫെബ്രുവരി 7 ന് നടക്കാനിരിക്കുന്ന പൂനെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് കരുത്ത് പകരാന്‍ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്ന് മുതിർന്ന പാർട്ടി നേതാക്കൾ നിർദ്ദേശിച്ചതായി വൃത്തങ്ങൾ വ്യക്തമാക്കി. തുടര്‍ന്ന് ഇക്കാര്യം പവാര്‍ കുടുംബത്തില്‍ ചര്‍ച്ചയായി. പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സുനേത്ര സമ്മതിക്കുകയായിരുന്നു. നാളെ വൈകുന്നേരമാകും സത്യപ്രതിജ്ഞാ ചടങ്ങ്.