Shashi Tharoor: ബിജെപിയിലേക്ക് ഞാന്‍ പോകില്ല! രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാര്‍; വിവാദങ്ങളോട് പ്രതികരിച്ച് ശശി തരൂര്‍
Shashi Tharoor Responds To Controversies: താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് രാഷ്ട്രത്തെ സേവിക്കുന്നതിനായാണ്. അക്കാര്യമാണ് തനിക്ക് പ്രധാനം. രാജ്യത്തിനായി ഏതുവിധേനയുള്ള സേവനത്തിനും താന്‍ തയ്യാറാണ്. രാജ്യ സേവനത്തിനുള്ള എന്ത് നിര്‍ദേശവും അംഗീകരിക്കും. രാജ്യത്തിന് വേണ്ടി തന്റെ കഴിവുകള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ബിജെപിയിലേക്ക് പോകാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി. താന്‍ ബിജെപിയിലേക്ക് പോകും എന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത് അര്‍ത്ഥമില്ലാത്ത ചര്‍ച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോകുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ അവസ്ഥ എന്താകുമെന്നും ശശി തരൂര്‍ ചോദിച്ചു.
താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് രാഷ്ട്രത്തെ സേവിക്കുന്നതിനായാണ്. അക്കാര്യമാണ് തനിക്ക് പ്രധാനം. രാജ്യത്തിനായി ഏതു തരത്തിലുള്ള സേവനത്തിനും താന്‍ തയ്യാറാണ്. രാജ്യ സേവനത്തിനുള്ള എന്ത് നിര്‍ദേശവും അംഗീകരിക്കും. രാജ്യത്തിന് വേണ്ടി തന്റെ കഴിവുകള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡല്‍ഹിയില്‍ വിദേശകാര്യ പാര്‍ലമെന്ററി സമിതി യോഗത്തിന് ശേഷമായിരുന്നു തരൂര്‍ നിലപാട് വ്യക്തമാക്കിയത്. തരൂരിന്റെ സേവന പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രമെന്നാണ് വിവരം. തരൂരിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സംസാരിച്ചതായും വിവരമുണ്ട്.




അതേസമയം, ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നുയരുന്നത്. തരൂരിന് വേണ്ടി കഠിനാധ്വാനം ചെയ്തത് പാവപ്പെട്ട ജനങ്ങളാണെന്നും സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ പാര്‍ട്ടിയെ കൂടി തരൂര്‍ ശ്രദ്ധിക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.
പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ തുടരാന്‍ തരൂര്‍ തയ്യാറാകണം. പാര്‍ട്ടി വലയത്തിന് പുറത്തേക്ക് തരൂര്‍ പോകരുതെന്നാണ് തന്റെ അഭിപ്രായം. വലയത്തിന് പുറത്ത് നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ വരും. എന്നാല്‍ തരൂര്‍ വിവാദങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമില്ലെന്നും പ്രകാശ് പറഞ്ഞു.