Tamil Nadu Girl Assault Case: 10 വയസുകാരി പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവം തമിഴ്നാട്ടിൽ, പിന്തുടരുന്ന വീഡിയോ പുറത്ത്
Tamil Nadu Girl Kidnapped And Assault: നാലാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് യുവാവ് പിന്തുടർന്ന് തട്ടികൊണ്ടുപോയി ആക്രമിച്ചത്. പെൺകുട്ടിയെ യുവാവ് ബലമായി പിടിച്ചുവലിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ചെന്നൈ: തമിഴ്നാട്ടിൽ പത്ത് വയസുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തിരുവള്ളൂരിലാണ് ഗുമ്മിഡിപൂണ്ടിയിലാണ് സംഭവം. റോഡിലൂടെ നടന്നു പോകുന്ന കുട്ടിയെ യുവാവ് പിന്തുടരുന്നതിൻ്റെയും തട്ടികൊണ്ടുപോകുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ ആക്രമിച്ച കേസിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാലാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് യുവാവ് പിന്തുടർന്ന് തട്ടികൊണ്ടുപോയി ആക്രമിച്ചത്. പെൺകുട്ടിയെ യുവാവ് ബലമായി പിടിച്ചുവലിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ അവശയായി മടങ്ങിയെത്തിയ പെൺകുട്ടി മുത്തശ്ശിയെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ കുടുംബം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയും ചെയ്തു. ഇപ്പോൾ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് പെൺകുട്ടി. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 20വയസ്സിന് മുകളിലുള്ള ആളാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
അതേസമയം തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നതിൻ്റെ ഉദാഹരണമാണ് സംഭവമെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ ആരോപിച്ചു. സംഭവത്തിൽ ഉചിതമായ നടപടി അതിവേഗത്തിൽ സ്വീകരിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. “ഈ കുറ്റവാളിയെ കൂടുതൽ കാലതാമസമില്ലാതെ അറസ്റ്റ് ചെയ്യാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.