Tungabhadra Dam: തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു; പ്രളയ മുന്നറിയിപ്പ്, അതീവ ജാഗ്രത
Tungabhadra Dam Chain Snaps: ഡാമില്‍ നിന്ന് ഏകദേശം 60 ടിഎംസി അടി വെള്ളം പുറത്തേക്ക് ഒഴുക്കിയാല്‍ മാത്രമേ ഗേറ്റ് പുനസ്ഥാപിക്കാന്‍ കഴിയുവെന്നാണ് അധികൃതര്‍ പറയുന്നത്.

News9 Image
ബെംഗളൂരു: കര്‍ണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു, കൊപ്പല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡാമിന്റെ ഗേറ്റാണ് തകര്‍ന്നത്. പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ശനിയാഴ്ച രാത്രിയോടെ പൊട്ടിയിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് ഡാമില്‍ നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. 35,000 ഘനയടി വെള്ളമാണ് നദിയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.
ഡാമില്‍ നിന്ന് ഏകദേശം 60 ടിഎംസി അടി വെള്ളം പുറത്തേക്ക് ഒഴുക്കിയാല്‍ മാത്രമേ ഗേറ്റ് പുനസ്ഥാപിക്കാന്‍ കഴിയുവെന്നാണ് അധികൃതര്‍ പറയുന്നത്. ഡാമിന് ആകെ 33 ഗേറ്റുകളാണ് ഉള്ളത്. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഈ 33 ഗേറ്റുകളും തുറന്നുവിട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
70 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഡാമില്‍ ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അധൃക്യതര്‍ വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാറിന് ശേഷം സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച രാജ്യത്തെ രണ്ടാമത്തെ ഡാം ആണ് തുംഗഭദ്ര. 133 ടിഎംസിയാണ് ഡാമിന്റെ സംഭരണ ശേഷി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വന്‍തോതില്‍ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തിയിരുന്നു.
ഡാമിന്റെ ആകെ സംഭരണ ശേഷിയുടെ 33 ടിഎംസി എക്കല്‍ അടിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഡാമിന്റെ 100 ടിഎംസിയായി കുറഞ്ഞിട്ടുണ്ട്. വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഗേറ്റിന്റെ ചെയിന്‍ പൊട്ടിയത്.