US Deportation: യുഎസ് നാടുകടത്തുന്നവരെ എന്തിന് പഞ്ചാബിൽ ഇറക്കുന്നു? രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷം
Bhagwant Mann Criticised Central Government: പഞ്ചാബിനെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവമായ ശ്രമമാണോ ഇതെന്നും ഭഗവന്ത് മാൻ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു. ഫെബ്രുവരി 15, 16 തീയ്യതികളിലായി എത്താനിരിക്കുന്ന വിമാനങ്ങളും അമൃത്‌സറിലാണ് ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ന്യൂഡൽഹി: യുഎസ് നാടുകടത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനിടെ പുതിയ രാഷ്ട്രീയ വിവാദത്തിന് തടുക്കം. അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തി ഇന്ത്യക്കാരുമായുള്ള രണ്ട് വിമാനങ്ങൾ ശനി ഞായർ ദിവസങ്ങളിൽ രാജ്യത്തേക്ക് വരാനിരിക്കെയാണ് വിവാദം ഉയർന്നിരിക്കുന്നത്. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ എന്തിനാണ് പഞ്ചാബിലെ അമൃത്സറിൽ ഇറക്കുന്നതെന്നാണ് സംസ്ഥാന മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉയർത്തുന്ന ചോദ്യം.
പഞ്ചാബിനെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവമായ ശ്രമമാണോ ഇതെന്നും ഭഗവന്ത് മാൻ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു. രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊണാൾഡ് ട്രംപ് നൽകിയ സമ്മാനം ഇതാണോ എന്നും ഭഗവന്ത് മൻ വിമർശിച്ചു. അമൃത്‌സർ വിമാനത്താവളം മാത്രം കുടിയേറ്റക്കാരെ ഇറക്കാൻ തിരഞ്ഞെടുത്തതിന് പിന്നിൽ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.
നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണെങ്കിൽ ഫെബ്രുവരി അഞ്ചിന് അമൃത്സറിൽ വന്നിറങ്ങിയ ആദ്യത്തെ വിമാനം അഹമ്മദാബാദിൽ എന്തുകൊണ്ട് ഇറക്കിയില്ലെന്നും ഭഗവന്ത് മാൻ ചോദിച്ചു. പഞ്ചാബിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും മാധ്യമ ശ്രദ്ധ ഇവിടേക്ക് കൊണ്ടുവരാനുമുള്ള കേന്ദ്രത്തിൻ്റെ തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 15, 16 തീയ്യതികളിലായി എത്താനിരിക്കുന്ന വിമാനങ്ങളും അമൃത്‌സറിലാണ് ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് പകരം പഞ്ചാബിനെ തന്നെ തിരഞ്ഞെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ താത്പര്യത്തിൽ പ്രതിപക്ഷമുൾപ്പെടെ സംശയം ഉന്നയിച്ചിട്ടുണ്ട്. അതേസമയം യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും സംബന്ധിച്ച വിഷയത്തെക്കുറിച്ചും പരാമർശിച്ചിരുന്നു.
യുഎസ് നാടുകടത്തിലിന്റെ ആദ്യഘട്ടത്തിൽ മെക്സിക്കൻ അതിർത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറി പാർത്തവരെയാണ് തിരിച്ചയത്. അന്ന് യാത്രക്കാരെ ചങ്ങലയിട്ട് സൈനിക വിമാനത്തിൽ തിരിച്ചയച്ച നടപടിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.