Vice Presidential Election: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും
BJP Parliamentary Board to Meet on August 17: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, മറ്റ് പാർലമെന്ററി ബോർഡ് അംഗങ്ങളും പങ്കെടുക്കും.
ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥിയെ നാളെ (ഓഗസ്റ്റ് 16) പ്രഖ്യാപിക്കുമെന്ന് വിവരം. സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നാളെ പാർലമെന്ററി ബോർഡ് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, മറ്റ് പാർലമെന്ററി ബോർഡ് അംഗങ്ങളും പങ്കെടുക്കും.
യോഗത്തിന് ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ബിജെപിയിലെ നേതാവിനെ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി അധ്യക്ഷൻ ജെ പി നഡ്‌ഡയ്ക്കുമാണ് ഉപരാഷ്ട്രപതി സ്‌ഥാനാർഥിയെ തീരുമാനിക്കാനുള്ള പൂർണ അധികാരം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രമേയം എൻഡിഎ നേതാക്കൾ ഏകകണ്ഠേന പാസാക്കിയിരുന്നു.
യോഗത്തിനിടെ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ തുടങ്ങിയവരുമായി പ്രധാനമന്ത്രി മോദി സംസാരിച്ചേക്കും. നാമനിർദേശപത്രിക നൽകാൻ എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും വ്യാഴാഴ്‌ച ഡൽഹിയിലെത്തണം എന്നാണ് നിർദേശം. അതേസമയം, സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗം തിങ്കളാഴ്‌ചയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് യോഗം വിളിച്ചിരിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 21നാണ് അപ്രതീക്ഷിതമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചത്. അന്ന് രാവിലെയും രാജ്യസഭ നിയന്ത്രിക്കുകയും പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കയുമെല്ലാം ചെയ്ത ധൻകർ വൈകീട്ട് രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. സെപ്റ്റംബർ 9ന് പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിൽ വച്ച് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്.