SIR Voter List: SIR-ൽ ഇല്ലാത്തവർക്ക് ആനുകൂല്യങ്ങളും ഇല്ല! റേഷൻ ഉൾപ്പെടെ നിഷേധിക്കും; ബംഗാളിലും ബീഹാറിലും നടപടി
Persons excluded in SIR will not get welfare benefits: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കും. കഴിഞ്ഞ ദിവസം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് എസ്ഐആറിൽ പേരില്ലാത്തവർക്ക് ഇനി മുതൽ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചത്.

എസ്ഐആർ
കൊൽക്കത്ത: എസ്ഐആർ വോട്ടർ പട്ടികയിൽ ഇല്ലാത്തവർക്ക് എതിരെ നടപടി കടുപ്പിച്ച് ബംഗാൾ, ബീഹാർ സർക്കാർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കും. റേഷൻ, സാമൂഹിക സൂരക്ഷാ പദ്ധതികൾ, ക്ഷേമ പെൻഷനുകൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങളാണ് നിഷേധിക്കുക.
കഴിഞ്ഞ ദിവസം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് എസ്ഐആറിൽ പേരില്ലാത്തവർക്ക് ഇനി മുതൽ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചത്. ബീഹാറിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് പുറമെ, പട്ടികയിൽ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്ന് എസ്ഐആർ
രണ്ട് സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകളുടെ തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. എസ്ഐആർ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയാണ് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പൊതുജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കുന്ന തലത്തിൽ ബിജെപി സർക്കാർ കടന്നിരിക്കുകയാണ്.
ALSO READ: ആരംഭിച്ചിടലാമ? തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു
അതേസമയം, എസ്ഐആറിൽ നിന്ന് പേര് നീക്കം ചെയ്തെങ്കിലും അതിനെതിരെ ട്രിബ്യൂണലിൽ അപ്പീൽ പോയവർക്ക് താൽകാലിക ഇളവ് നൽകുമെന്നാണ് റിപ്പോർട്ട്. അപ്പീൽ തള്ളപ്പെട്ടാൽ ആനുകൂല്യങ്ങൾ പൂർണമായും നിർത്തലാക്കും. ഒരു ഇലക്ടറൽ വോട്ടർ പട്ടിക തയ്യാറാക്കാൻ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് വലിയ നിയമപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്താണ് എസ്ഐആർ?
എസ്ഐആർ പ്രക്രിയ ആരംഭിച്ചതുമുതൽ വിവാദങ്ങൾ ഉയർന്നിരുന്നു. വോട്ടർ പട്ടിക പുതുക്കാനും മെച്ചപ്പെടുത്താനും എന്ന ലക്ഷ്യത്തോടെയാണ് എസ്ഐആർ അവതരിപ്പിച്ചത്.
മരിച്ചവരുടെയോ മണ്ഡലത്തിൽ നിന്ന് മാറിയവരുടെയോ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുക, 18 വയസ്സ് തികഞ്ഞ പുതിയ വോട്ടർമാരെയും മുമ്പ് വിട്ടു പോയവരെയും പട്ടികയിൽ ചേർക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള ഒരു സാധാരണ നടപടി മാത്രമാണിത് എന്നുമാണ് നേരെത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചിരുന്നത്.
എന്നാൽ വോട്ടർ പട്ടികയിലെ പേര് ചേർക്കുന്നതിനും പുതുക്കുന്നതിനും 11 തരം രേഖകളാണ് ആവശ്യപ്പെടുന്നതെന്നും പാവപ്പെട്ടവരും നിരക്ഷരരുമായ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇത്രയും രേഖകൾ ഹാജരാകാൻ കഴിയില്ല എന്നും പ്രതിപക്ഷം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വലിയൊരു വിഭാഗം ജനങ്ങളെ പ്രത്യേകിച്ച് ദരിദ്രരെയും നിരക്ഷരരെയും വോട്ടവകാശം ഇല്ലാത്തവരാക്കുമെന്നും വിമർശിച്ചു.
എന്നാൽ വിമർശനങ്ങൾക്കും പ്രതിഷേധനങ്ങൾക്കുമൊടുവിൽ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പിലാക്കി. വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇത് എന്ന് പറഞ്ഞാണ് സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പിലാക്കിയത്. എന്നാൽ ഇന്ന് അതേ ഡേറ്റയുടെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് പോലെയുള്ള സുപ്രധാനമായ നടപടികളിലേക്ക് രണ്ട് ബിജെപി സർക്കാരുകൾ കടന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
English Summary:
Bengal and Bihar governments have taken strict action against those who are not in the SIR voter list. Following the drastic voter list revision, those who are excluded from the voter list will be denied government benefits. Government benefits such as ration, social security schemes, and welfare pensions will be denied.