Womans Staff Assaulted: ആർത്തവമായതിനാലാണ് വൈകിയതെന്ന് പറഞ്ഞ ജീവനക്കാരികളെ നഗ്നരാക്കി സാനിറ്ററി പാഡ് പരിശോധിച്ചതായി പരാതി
Women Forced to take photos of Sanitary pad: വൈകിയെത്തിയതിന്റെ കാരണമായി ആർത്തവം ആയിരുന്നു എന്ന് പറഞ്ഞതിനാണ് സ്ത്രീകൾക്ക് നേരെ മനുഷ്യത്വരഹിതമായ ഇടപെടൽ ഉണ്ടായത്. സൂപ്പർവൈസർമാർ രണ്ടു സ്ത്രീകളെയും മാറ്റി നിർത്തി അടിവസ്ത്രം അഴിപ്പിച്ച് സാനിറ്ററി പാഡിന്റെ ചിത്രം പകർത്തി എന്നാണ് പരാതി
ഹരിയാന:ആർത്തവ ദിവസം ജോലിക്ക് വൈകിയെത്തിയതിന് ജീവനക്കാരികളെ വസ്ത്രം അഴിപ്പിച്ച് ആർത്തവം ആണോ എന്ന് പരിശോധിച്ചതായി പരാതി. ഹരിയാനയിലെ റോഹത്കിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മഹാർഷി ദയാനന്ദ് സർവ്വകലാശാലയിലെ ശുചീകരണ തൊഴിലാളികൾക്ക് നേരെയാണ് അതിക്രൂരമായ നടപടി ഉണ്ടായത്. വൈകിയെത്തിയതിന്റെ കാരണമായി ആർത്തവം ആയിരുന്നു എന്ന് പറഞ്ഞതിനാണ് സ്ത്രീകൾക്ക് നേരെ മനുഷ്യത്വരഹിതമായ ഇടപെടൽ ഉണ്ടായത്. സൂപ്പർവൈസർമാർ രണ്ടു സ്ത്രീകളെയും മാറ്റി നിർത്തി അടിവസ്ത്രം അഴിപ്പിച്ച് സാനിറ്ററി പാഡിന്റെ ചിത്രം പകർത്തി എന്നാണ് പരാതി.
സംഭവം വലിയ വിവാദമായി മാറിയതോടെ യൂണിവേഴ്സിറ്റി രജിസ്ട്രാർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും വ്യക്തമാക്കി. സ്ത്രീകൾക്ക് സുരക്ഷിതവും സമാധാനപൂർവ്വമായ തൊഴിൽ അന്തരീക്ഷമാണ് സർവ്വകലാശാല സൃഷ്ടിക്കുന്നത് എന്നും അതിന് എതിരായുള്ള ഒരു നടപടിയും അംഗീകരിക്കാൻ സാധിക്കില്ലെന്നും സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവർത്തികൾ അനുവദിക്കാൻ കഴിയില്ലെന്നും സർവ്വകലാശാല പ്രസ്താവനയിൽ അറിയിച്ചു.
സൂപ്പർവൈസർമാരായ വിനോദും ജിതേന്ദ്രയുമാണ് മോശമായി പെരുമാറിയത് എന്നാണ് ജീവനക്കാരികൾ പറയുന്നത്. വൈകിയെത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ആർത്തവമാണെന്നും സുഖമില്ലായിരുന്നു എന്നും ഉത്തരം പറഞ്ഞ ജീവനക്കാരികളോട് അവർ കള്ളം പറയുകയാണെന്നും പാിന്റെ ചിത്രം കാണണമെന്നും സൂപ്പർവൈസർമാർ ആവശ്യപ്പെടുകയും ആയിരുന്നു. തുടർന്ന് വനിതാ ജീവനക്കാരിയെ വിളിച്ചു വരുത്തുകയും ജീവനക്കാരികളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി വസ്ത്രം അഴിച്ച ശേഷം സാനിറ്ററി പാഡിന്റെ ചിത്രം പകർത്താൻ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ആരോപണം.
ഇതിന് വിസമ്മതിച്ചതിനെ തുടർന്ന് തങ്ങളെ ഭീഷണിപ്പെടുത്തി എന്നും പിരിച്ചുവിടും എന്ന് പറഞ്ഞതായും ഒടുവിൽ ഭീഷണിക്ക് വഴങ്ങിയാണ് ചിത്രം പകർത്താൻ അനുവദിച്ചതെന്നും വനിതാ ജീവനക്കാരികൾ പറയുന്നു. സംഭവം പുറത്തെത്തിയോടെ മറ്റു വനിതാ ജീവനക്കാരും വിദ്യാർത്ഥികളും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. രണ്ടു സൂപ്പർവൈസർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.