YouTuber Jyoti Malhotra: ‘പഹൽഗാം ആക്രമണത്തിന് മുൻപ് ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചു’; വരുമാനത്തിന്‍റെ ഉറവിടം അന്വേഷിക്കും
Jyoti Malhotra's Espionage Case:ഇതുൾപ്പെടെ നിരവധി തവണ ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. പാകിസ്ഥാൻ സന്ദർശനത്തിനു പിന്നാലെ ചൈനയിലേക്കും ജ്യോതി യാത്രനടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
ന്യൂഡൽഹി: പാകിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയ കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര ജമ്മു പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസ്. ഇതുൾപ്പെടെ നിരവധി തവണ ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. പാകിസ്ഥാൻ സന്ദർശനത്തിനു പിന്നാലെ ചൈനയിലേക്കും ജ്യോതി യാത്രനടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
ജ്യോതി പാകിസ്ഥാൻ സന്ദർശനം നടത്തിയതെല്ലാം സ്പോൺസർമാരുടെ സഹായത്തോടെയാണ് എന്നാണ് പോലീസ് പറയുന്നത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ജ്യോതിയെ ലഭിച്ചതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണു നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി വീഡിയോ ചെയ്യുന്നവരെ കണ്ടുപിടിച്ച് പാക് രഹസ്യന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഹിസാർ എസ്പി ശശാങ്ക് കുമാർ സാവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജ്യോതിയെയും ഇത്തരത്തിൽ റിക്രൂട്ട് ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന എന്നാണ് പറയുന്നത്.
അതേസമയം യുവതിയുടെ വരുമാനത്തിന്‍റെ ഉറവിടം സംബന്ധിച്ചും വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഹരിയാന പോലീസിനു പുറമെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. യൂട്യബിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ഇത്രയും വിദേശയാത്രകൾ ജ്യോതിക്ക് നടത്താൻ സാധിക്കില്ലെെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പുറത്ത് നിന്ന് യുവതിക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യയുടെ തന്ത്രപ്രധാനവിവരങ്ങൾ പാക് ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയെന്നും അന്വേഷണത്തിൽനിന്നു വ്യക്തമായിട്ടുണ്ടെന്നാണ് ഹരിയാന പോലീസ് പറയുന്നത്. പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന്റെ മുൻപ് ഇവർ നടത്തിയ പാക്ക് സന്ദർശനത്തിന്റെ വിവരങ്ങളും പോലീസ് പരിശോധിച്ചുവരുകയാണ്.