Zoho employee Story : സെക്യൂരിറ്റി ഗാർഡിൽ നിന്ന് സോഫ്റ്റ്വെയർ എഞ്ചിനീയർ, സോഹോ ജീവനക്കാരന്റെ ത്രില്ലിങ് കഥ ഇതാ
Zoho employee's inspiring journey: 2013-ൽ വെറും 1,000 രൂപയുമായി വീടുവിട്ടിറങ്ങിയ അലിം, ജോലി കിട്ടും മുമ്പ് ഏകദേശം രണ്ട് മാസം തെരുവിലാണ് കഴിഞ്ഞത്. അതിനുശേഷമാണ് സോഹോയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ലഭിച്ചത്.
ചെന്നൈ: കോളേജ് വിദ്യാഭ്യാസം പോലും നേടാതെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഒരാൾക്ക് സോഹോ പോലൊരു െഎടി കമ്പനിയിൽ ജോലി ലഭിക്കുമോ? അത്തരത്തിലൊരാളുടെ കഥയാണ് ഇപ്പോൾ ലിങ്ക്ഡ്ഇനിൽ വൈറലായിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ അബ്ദുൾ അലിം, തൻ്റെ ജീവിതകഥ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്.
ഒരു കോളേജ് ബിരുദം പോലുമില്ലാതെ അദ്ദേഹം സോഹോയിൽ സെക്യൂരിറ്റി ഗാർഡായാണ് ജോലി തുടങ്ങിയത്. പിന്നീട് അതേ കമ്പനിയിൽ തന്നെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് എഞ്ചിനീയറായി മാറി. 2013-ൽ വെറും 1,000 രൂപയുമായി വീടുവിട്ടിറങ്ങിയ അലിം, ജോലി കിട്ടും മുമ്പ് ഏകദേശം രണ്ട് മാസം തെരുവിലാണ് കഴിഞ്ഞത്. അതിനുശേഷമാണ് സോഹോയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ലഭിച്ചത്. അവിടെവെച്ച്, സീനിയർ ജീവനക്കാരനായ ഷിബു അലക്സിസ് അലിമിനെ ശ്രദ്ധിക്കുകയും സംസാരിക്കുകയും ചെയ്തു.
ALSO READ: അയോധ്യയിൽ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
പത്താം ക്ലാസ് വരെ മാത്രം പഠിച്ച അലിമിന് കൂടുതൽ പഠിക്കാൻ താൽപ്പര്യമുണ്ടെന്ന് മനസ്സിലാക്കിയ ഷിബു, അദ്ദേഹത്തെ മെൻ്റർ ചെയ്യാൻ തയ്യാറായി. അടുത്ത എട്ട് മാസത്തേക്ക്, അലിം പകൽ സെക്യൂരിറ്റി ജോലി ചെയ്യുകയും വൈകുന്നേരങ്ങളിൽ പ്രോഗ്രാമിംഗ് പഠിക്കുകയും ചെയ്തു. ഇങ്ങനെ നിർമ്മിച്ച ഒരു ലളിതമായ ആപ്പ് കണ്ട് മതിപ്പു തോന്നിയ സോഹോ മാനേജർ, ബിരുദം ആവശ്യമില്ല, കഴിവാണ് പ്രധാനം എന്ന് പറഞ്ഞ് അദ്ദേഹത്തെ അഭിമുഖത്തിനായി ക്ഷണിച്ചു. അഭിമുഖം വിജയിച്ച അലിം, സോഹോയിൽ ഡെവലപ്പറായി ജോലിയിൽ പ്രവേശിച്ചു.
ഇന്ന് എട്ട് വർഷമായി അദ്ദേഹം അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി തുടരുന്നു. തനിക്ക് അവസരം നൽകിയതിന് ഷിബുവിനും സോഹോയ്ക്കും നന്ദി പറഞ്ഞ അലിം, “പഠനം തുടങ്ങാൻ ഒരിക്കലും വൈകിയിട്ടില്ല” എന്ന് കൂട്ടിച്ചേർത്തു. വാട്സ്ആപ്പിനു ബദലായി അരട്ടെ പോലുള്ള ആപ് അവതരിപ്പിച്ച് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും സർക്കാർ തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴി വെക്കുകയും ചെയ്ത സ്ഥാപനമാണ് സോഹോ.