Shigella Outbreak: സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
Shigella Outbreak: Kerala Reports 10 New Cases as Total Tally Rises: ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 266 ആയി ഉയർന്നു. ജൂൺ മാസത്തിൽ മാത്രം 190 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. ആറ് മരണങ്ങളും സ്ഥിരീകരിച്ചു. അതേസമയം കോഴിക്കോട് നിപ സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ കൂടി ക്വാറൻ്റൈനിൽ നിന്നും ഒഴിവാക്കി.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി ഷിഗെല്ലാ രോഗ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാല് പേർക്കും, മലപ്പുറത്ത് അഞ്ച് പേരുക്കും വയനാട് ഒരാൾക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 266 ആയി ഉയർന്നു. ജൂൺ മാസത്തിൽ മാത്രം 190 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. ആറ് മരണങ്ങളും സ്ഥിരീകരിച്ചു. അതേസമയം കോഴിക്കോട് നിപ സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ കൂടി ക്വാറൻ്റൈനിൽ നിന്നും ഒഴിവാക്കി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ആളുടെ സഹപ്രവർത്തകനായിരുന്നു ഇവർ. നിലവിൽ രണ്ട് ഹൈ റിസ്ക് വിഭാഗങ്ങളിലായി 15 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. റിസ്ക് കുറഞ്ഞ വിഭാഗത്തിൽ 74 പേരും ക്വാറൻ്റൈനിൽ കഴിയുകയാണ്. ജൂൺ പത്ത് മുതൽ ജില്ലയിൽ നടത്തിയ നിപ പരിശോധനകളിൽ 55 പേരുടെ ഫലവും നെഗറ്റീവാണ് എന്നത് ആശ്വസം നൽകുന്നതാണ്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജ്ജിതമായി തന്നെ പുരോഗമിക്കുന്നുണ്ട്. അതേസമയം രോഗം സ്ഥിരീകരിച്ച മധ്യവയസ്കൻ ഇപ്പോഴും വെൻ്റിലേറ്ററിൽ തുടരുകയാണ്.
എന്താണ് ഷിഗെല്ല?
ഷിഗെല്ല എന്ന ബാക്ടീരിയ മൂലം കുടലിനെ ബാധിക്കുന്ന ഒരു ഗുരുതര അണുബാധയാണിത്. ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ അപകടകരമായ അവസ്ഥയിലേക്ക് ഈ രോഗം മാറിയേക്കാം. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതോ കേടായതോ ആയ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും അണുബാധ ഉണ്ടാകാം.
അതിശക്തമായ വയറിളക്കമാണ് പ്രധാന ലക്ഷണം. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ ലക്ഷണങ്ങൾ പ്രകടമാകാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് രോഗബാധ ഗുരുതരമാകാൻ സാധ്യത കൂടുതൽ.
Also Read: മൈക്ക് ചതിച്ചതല്ല, “ഒരു കാരണവശാലും കൊടുക്കില്ല” എന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ !
ഭക്ഷണ കാര്യങ്ങളിൽ കർശന ജാഗ്രത
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഈ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കുമെന്നതിനാൽ പഴകിയതും തണുപ്പിച്ചതുമായ ആഹാര സാധനങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് ഷിഗെല്ലയെ അകറ്റിനിർത്താനുള്ള പ്രധാന മാർഗ്ഗം.
രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്
വയറിളക്കമോ മറ്റ് ലക്ഷണങ്ങളോ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ് (ORS) ലായനി എന്നിവ ധാരാളമായി കുടിക്കുക. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.
English Summary
Kerala reported 10 new Shigella cases today across Malappuram (5), Kozhikode (4), and Wayanad (1), bringing this year’s total to 266, including six deaths. June alone saw 190 infections. Meanwhile, in a relieving update, two individuals suspected of having Nipah in Kozhikode were safely released from quarantine.