Kerala Rain Alert: രണ്ട് ദിവസം അതിശക്തമായ മഴ; കേരളത്തില്‍ നാളെയും, മറ്റന്നാളും ജാഗ്രതാ നിര്‍ദ്ദേശം
Updated rain warning for Kerala today: കേരളത്തില്‍ നാളെയും, മറ്റന്നാളും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. വടക്കന്‍ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു.
തിരുവനന്തപുരം: കേരളത്തില്‍ നാളെയും (ജൂണ്‍ 28), മറ്റന്നാളും (ജൂണ്‍ 29) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നിലവില്‍ വടക്കന്‍ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. തീരദേശ ആന്ധ്രാപ്രദേശ് മുതല്‍ മധ്യ മഹാരാഷ്ട്ര വരെ വടക്കന്‍ തെലങ്കാനയ്ക്കും മുകളിലുള്ള ചക്രവാത ചുഴി മറാത്ത്വാഡ വഴി ന്യൂനമര്‍ദ്ദിപാത്തി നിലനില്‍ക്കുന്നുവെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് ജൂണ്‍ 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40-50 കി.മീ വേഗതത്തില്‍ ശക്തമായ കാറ്റും പ്രതീക്ഷിക്കാം. കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ തന്നെ പൊതുജനം മുന്‍കരുതല്‍ സ്വീകരിക്കണം. മിന്നലിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 29-ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ ഒന്ന് വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.
കടലാക്രമണത്തിന് സാധ്യത:
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) നാളെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ രാവിലെ 5.30 വരെ 1.2 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത് നാളെ പുലര്‍ച്ചെ 2.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്. 1.3 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.
തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതുപ്രകാരം അപകടമേഖലകളില്‍ നിന്നു മാറി താമസിക്കണം. ചെറിയ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ കടലിലേക്ക് ഈ സമയത്ത് ഇറക്കരുത്. തിരമാല ശക്തിപ്പെടുന്ന സമയത്ത് കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമാണ്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ബീച്ചുകളിലൂടെയുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാനും ശ്രദ്ധിക്കണം. ഇതുവഴി വള്ളങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടസാധ്യത കുറയ്ക്കാം.
മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. മുന്നറിയിപ്പ് നിലനില്‍ക്കുന്ന ഘട്ടത്തില്‍ ബീച്ചിലേക്കുള്ള യാത്രകള്‍, കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ എന്നിവ പാടില്ല. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
English Summary
The IMD has predicted isolated, very heavy rainfall across Kerala on June 28 and 29. Orange Alert has been issued for northern districts like Kozhikode, Wayanad, Kannur, and Kasaragod. People are advised to stay indoors during thunderstorms and strong winds reaching up to 50 km/h. High waves and sea surges are expected, so fishermen and tourists must strictly avoid the beaches.