12th Pay Commission: സമയം കഴിഞ്ഞു, ശമ്പള കമ്മീഷനിൽ അഴിച്ചുപണി; പങ്കാളിത്ത പെൻഷൻ പുതുക്കും!
12th Pay Revision Commission Updates: ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കാൻ കഴിഞ്ഞ, ഫെബ്രുവരിയിലാണ് ശമ്പളകമ്മീഷനെ നിയോഗിച്ചത്. തുടർന്ന് മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. എന്നാൽ, ജൂൺ പകുതിയാകാറായിട്ടും ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. ശമ്പള പരിഷ്കരണത്തിന് രൂപീകരിച്ച കമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യതയെന്നാണ് സൂചന.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പന്ത്രണ്ടാം ശമ്പള പരിഷ്കരണം. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കാൻ കഴിഞ്ഞ, ഫെബ്രുവരിയിലാണ് ശമ്പളകമ്മീഷനെ നിയോഗിച്ചത്. തുടർന്ന് മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. എന്നാൽ, ജൂൺ പകുതിയാകാറായിട്ടും ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, പുതിയ സർക്കാരിന്റെ തീരുമാനം എന്താകുമെന്ന കാര്യത്തിലും ജീവനക്കാർക്കിടയിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
ശമ്പളകമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യത
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് രൂപീകരിച്ച കമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യതയെന്ന് സൂചന. കഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിലാണ് പന്ത്രണ്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചത്. ശുപാർശ സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധിയും നൽകി. എന്നാൽ മൂന്ന് മാസത്തിനിടെ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. കാലാവധി നീട്ടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. എൽഡിഎഫ് സർക്കാർ നിയമിച്ച കമ്മിഷനുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാരിന് താൽപര്യമില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ, നിലവിലെ ചെയർമാൻ ഡോ. വിപി ജോയിയെ നിലനിർത്തി മറ്റ് രണ്ട് അംഗങ്ങളെ മാറ്റാൻ ധനവകുപ്പ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പങ്കാളിത്ത പെൻഷൻ പുതുക്കും
ശമ്പളപരിഷ്കരണം പോലെ തന്നെ ജീവനക്കാർക്ക് പ്രധാനപ്പെട്ട ഒന്നാണ് പെൻഷനും. സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിഡി സതീശൻ സർക്കാർ അഷ്വേഡ് പദ്ധതി ഉപേക്ഷിച്ചേക്കുമെന്നാണ് പുതിയ വിവരം. അഷ്വേഡ് പദ്ധതി നടപ്പിലാക്കുന്നതിന് പകരം പങ്കാളിത്ത പെൻഷൻ പദ്ധതി പുതുക്കി, ജീവനക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.
ALSO READ: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 36,057 കോടി; തുക എന്ന് ലഭിക്കും?
മുൻ ധനകാര്യവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലാണ് അഷ്വേഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഇത് സംംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികൾ സ്വീകരിക്കാത്തതിനാൽ, പദ്ധതി പ്രാബല്യത്തിലായിട്ടില്ല.
സർക്കാർ വിഹിതം കൂട്ടും?
യുഡിഎഫ് സർക്കാർ അഷ്വേഡ് പെൻഷന് പകരം, പങ്കാളിത്ത പെൻഷൻ ഫണ്ടിലേക്കുള്ള പ്രതിമാസ സർക്കാർ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനത്തിൽ നിന്ന് പതിനാല് ശതമാനമായി വർധിപ്പിക്കണമെന്ന ശുപാർശയും സർക്കാരിന് മുന്നിലുണ്ട്. ജീവനക്കാർ ദീർഘക്കാലമായി ഉന്നയിക്കുന്ന പ്രധാന ആവശ്യമാണിത്. കേന്ദ്ര സർക്കാരും മറ്റ് ചില സംസ്ഥാനങ്ങളിലെ സർക്കാരും ഇത്തരത്തിൽ വിഹിതം വർധിപ്പിച്ചിരുന്നു.
അതേസമയം, ഇത്തരത്തിൽ സർക്കാർ വിഹിതം വർധിപ്പിച്ചാൽ, സർക്കാരിനുണ്ടാകുന്ന അധിക ചെലവിന് പണം കണ്ടെത്തേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യതയില്ല. കെഎസ്ആർടിസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക ചെലവ് സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, തൽക്കാലം, ഇതിനെ കുറിച്ച് പഠിക്കാൻ സമിതിയെ വച്ച് പരിഷ്കാരം വൈകിപ്പിക്കുക എന്ന രീതിയാകും സർക്കാർ തിരഞ്ഞെടുക്കുക.
ബജറ്റിൽ എന്തെല്ലാം?
പുതിയ സർക്കാരിന്റെ ആദ്യത്തെ ബജറ്റ്, ധനകാര്യം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ ജൂൺ 19ന് അവതരിപ്പിക്കും. സദ്ഭരണം, സഹാനുഭൂതി എന്നതാണ് ബജറ്റിന്റെ പ്രമേയം. സർക്കാർ ജീവനക്കാർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഡിഎ കുടിശ്ശിക നൽകുക, ഭവന വായ്പ പദ്ധതി പുന:സ്ഥാപിക്കുക, തുടങ്ങിയവയും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. മെഡിസെപ് പദ്ധതി നിയമവശം പരിശോധിച്ച ശേഷം പരിഷ്കരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
English Summary:
12th Pay Commission Updates, There are indications that the commission formed to revise the salaries of state government employees may be reshuffled. The finance department is reportedly considering retaining the current chairman, Dr. VP Joy, and replacing two other members.