Heart Transplant: വീണ്ടും ഹൃദയമാറ്റം; അമൽ ബാബുവിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയിൽ തുടിക്കും
Amal Babu Organ Donation: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട് കാവ് സ്വദേശിയായ അമല്‍ ബാബു(25)വിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയിൽ തുടിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട് കാവ് സ്വദേശിയായ അമല്‍ ബാബു(25)വിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയിൽ തുടിക്കും. ഹൃദയം കൂടാതെ, അമലിന്റെ കരൾ, രണ്ട് വൃക്കകൾ എന്നിവയും ദാനംചെയ്തു.
മലപ്പുറം പൊന്നാനി സ്വദേശിയായ 33-കാരനാണ് എറണാകുളം ആശുപത്രിയിൽ വച്ച് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഗുരുതരമായ ഹൃദ്രോഗ ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ലിസി ആശുപത്രിയിൽ യുവാവ് ചികിത്സ തേടിയത്. പിന്നാലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഇവിടെ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് അനുയോജ്യമായ ഹൃദയം ലഭിച്ചതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അമൽ ബാബുവിൻ്റെ ഹൃദയം ആഭ്യന്തര വകുപ്പിന്റെ എയർ ആംബുലൻസ് വഴിയാണ് കൊച്ചിയിലെത്തിച്ചത്. പിന്നീട് ഇവിടെ നിന്ന് റോഡ് മാർഗം ആശുപത്രിയിൽ എത്തിച്ചു.
അമലിന്റെ ഒരു വൃക്ക തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന ഒരു രോഗിക്കും രണ്ടാമത്തെ വൃക്ക തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള കഴിയുന്ന മറ്റൊരു രോഗിക്കും ദാനം ചെയ്തു. ഇവിടുത്തെ തന്നെ മറ്റൊരു രോഗിക്ക് കരളും ദാനം ചെയ്യും. തീവ്രമായ ദുഃഖത്തിനിടയിലും അവയവം ദാനംചെയ്യാൻ സന്നദ്ധത കാണിച്ച അമൽ ബാബുവിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
ഈ മാസം 12-ാം തീയതി രാത്രി ഒൻപത് മണിക്കാണ് അമലിന് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കുണ്ടമൺ കടവിന് സമീപംവെച്ച് അമൽ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അമലിനെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഇന്നലെയായിരുന്നു മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിച്ചത്. ഇഞ്ചക്കലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു അമൽ.