Pennappan: കെവി സുധാകരന്‍ സ്മാരക സാഹിത്യ അവാര്‍ഡ് സ്വന്തമാക്കി ആദിയുടെ പെണ്ണപ്പന്‍
Poet Aadhi's Pennappan Poem Selected For Award: എഴുപത്തിയൊന്ന് കൃതികളില്‍ നിന്നാണ് പെണ്ണപ്പന്‍ എന്ന കവിതാ സമാഹാരം അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മികച്ച മുപ്പത്തിയഞ്ച് കവിതകളടങ്ങിയതാണ് പെണ്ണപ്പന്‍ എന്ന കവിതാസമാഹാരം.
2024ലെ കെവി സുധാകരന്‍ സ്മാരക സാഹിത്യ അവാര്‍ഡിന് കരസ്ഥമാക്കി ആദിയുടെ ”പെണ്ണപ്പന്‍’ എന്ന കവിതാസാമാഹാരം. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഡോ.പത്മനാഭന്‍കാവുമ്പായി, എവി പവിത്രന്‍, ഡോ. സന്തോഷ് വള്ളിക്കാട്, എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുസ്തകം അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
എഴുപത്തിയൊന്ന് കൃതികളില്‍ നിന്നാണ് പെണ്ണപ്പന്‍ എന്ന കവിതാ സമാഹാരം അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മികച്ച മുപ്പത്തിയഞ്ച് കവിതകളടങ്ങിയതാണ് പെണ്ണപ്പന്‍ എന്ന കവിതാസമാഹാരം. പ്രമേയ സ്വീകരണത്തിലെ വ്യത്യസ്തതയും ഭാഷയുടെയും ബിംബകല്പനകളുടെയും സ്വീകരണത്തിലെ സൂക്ഷ്മശ്രദ്ധയും ഭാവുകത്വവും പുതുകവിതയുടെ തിളക്കവും വ്യവസ്ഥാപിത താല്‍പര്യങ്ങളോട് നടത്തുന്ന നിരന്തരകലഹസ്വഭാവവും പെണ്ണപ്പനിലെ എല്ലാ കവിതകളിലുമുണ്ട്. മലയാള കവിതയുടെ അഭിമാനകരമായ വര്‍ത്തമാനത്തെ സാക്ഷ്യപ്പെടുത്തുന്ന കാവ്യസങ്കലനമാണ് ആദിയുടെ കവിതകള്‍ എന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
കോഴിക്കോട് സ്വദേശിയാണ് ആദി. യുവകവിതാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമണ്‍സ്, ആലുവ മലയാള വിഭാഗം മികച്ച എംഎ പ്രബന്ധത്തിനായി ഏര്‍പ്പെടുത്തിയ പ്രൊഫ. മേരി ജൂലിയറ്റ് സ്മാരക പുരസ്‌കാരം (2021) എന്നിവ ആദി നേടിയിട്ടുണ്ട്. കൊടുവള്ളി, സിഎച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദവും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ആദി ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ക്വിയര്‍ രാഷ്ട്രീയം പ്രമേയമാക്കി ലേഖനങ്ങളും കവിതകളും എഴുതുന്നു.
ഡിസംബര്‍ മാസം ഏളയാട് യംഗ് സ്റ്റേര്‍സ് ക്ലബ്ബില്‍ നടത്തുന്ന പൊതുസമ്മേളത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ഭാരവാഹികളായ പ്രിയേഷ് പി, ബിന്‍സണ്‍ വി തുടങ്ങിയവര്‍ അറിയിച്ചു.