Vinayakan: ‘ഇദ്ദേഹത്തെ നമ്പരുത്: മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ
Vinayakan Criticized PV Anwar: പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ലെന്നും വിനായകൻ പറയുന്നു.
കൊച്ചി: കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിക്കുനേരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തുന്ന കടന്നാക്രമണം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവച്ചത്. ഇപ്പോഴിതാ അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ രംഗത്ത്. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞാണ് നടൻ കുറിപ്പ് ആരംഭിച്ചത്. പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ലെന്നും വിനായകൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
യുവതി യുവാക്കളെ
“ഇദ്ദേഹത്തെ നമ്പരുത് “
ശ്രീമാൻ P V അൻവർ,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും …….നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തൻവീട്…..
Mr. P V അൻവർ
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിർത്തി പോകൂ
യുവതി യുവാക്കളെ,
“ഇദ്ദേഹത്തെ നമ്പരുത്”
നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് .
അതേസമയം കഴിഞ്ഞ ദിവസം പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു. ‘ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാൽ കയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവിൽ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങി. പ്രതിഷേധ പ്രകടനത്തിനിടെ കോലം കത്തിച്ചു.
എന്നാൽ വരും ദിവസങ്ങളിലും അൻവറിനെതിരെ പ്രതിഷേധം കനക്കുമെന്നാണ് നേതാക്കൾ പറയുന്നത്. എഡിജിപി എം.ആർ.അജിത്കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും ഗുരുതര ആരോപണം ഉന്നയിച്ച അൻവർ കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിക്കു നേരെ തിരിഞ്ഞിരുന്നു. ഇതോടെയാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് ഉണ്ടായത്. കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അൻവറുമായി ഇനി ബന്ധമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.