5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjun Rescue Mission: അർജുന് യാത്രമൊഴിയേകാൻ കേരളം, വളയം പിടിച്ച അതേ വഴിയിലൂടെ വിലാപ യാത്ര; കണ്ണീർക്കടലായി കണ്ണാടിക്കൽ

Arjun Cremation Ceremony: കേരളത്തിന്റെ നൊമ്പരമായി മാറിയ അർജുന് അന്ത്യാജ്ഞലി അർപ്പിച്ച് നാട്. പൂക്കളുമായി നിരവധി പേരാണ് വഴിയരിക്കിൽ അർജുനെ ഒരു നോക്ക് കാണാൻ കാത്തുനിന്നത്. കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്കാണ് സംസ്കാര ചടങ്ങുകൾ.

Arjun Rescue Mission: അർജുന് യാത്രമൊഴിയേകാൻ കേരളം, വളയം പിടിച്ച അതേ വഴിയിലൂടെ വിലാപ യാത്ര; കണ്ണീർക്കടലായി കണ്ണാടിക്കൽ
Credits: Social Media
Follow Us
athira-ajithkumar
Athira CA | Updated On: 28 Sep 2024 09:14 AM

കണ്ണൂർ: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിൽ. പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കേരളാ അതിർത്തി പിന്നിട്ടത്. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിച്ചത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും ആംബുലൻസ് കാസർകോട് പുതിയ ബസ്സ്റ്റാൻഡിൽ എത്തിയപ്പോൾ അന്തിമോപചാരമർപ്പിച്ചു.

പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടത്. അഴിയൂർ പിന്നിട്ട് ​ആറ് മണിയോടെ വാഹനം കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് സംസ്ഥാന സർക്കാരിന് വേണ്ടി വനം മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.  കോഴിക്കോട് പുളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ മൃതദേഹം ഏറ്റുവാങ്ങി അന്തിമോചാരം അർപ്പിക്കും. ശേഷം സുഹൃത്തുകൾ മൃതദേഹത്തെ അനു​ഗമിക്കും. രാവിലെ 8 മണിയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വസതിയിൽ അർജുന്റെ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ‌. വീട്ടിൽ പൊതുദർശനത്തിനുള്ള സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം ഒരു മണിക്കൂറോളമാണ് പൊതുദർശനമുണ്ടാകുക.

ഇന്നലെ ഉച്ചയോടെ ഡിഎൻഎ ഫലം പുറത്തുവന്നതോടെയാണ് മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകിയത്. വിലാപ യാത്രയെ കേരള – കർണാടക പൊലീസ് അനുഗമിക്കുന്നുണ്ട്. 72 ദിവസവും ദൗത്യത്തിന് നേതൃത്വം നൽകിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. സഹോദരൻ അഭിജിത്തും സഹോദരീ ഭർത്താവ് ജിതിനും ആംബുലൻസിലുണ്ട്. പതിവായി ലോറി ഓടിച്ചിരുന്ന വഴിയിലൂടെയാണ് അർജുന്റെ വീട്ടിലേക്കുള്ള മടക്കയാത്രയും.

കഴിഞ്ഞ ജൂലൈ 16ന് അങ്കോള- ഷിരൂർ ദേശീയ പാതയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ട്രക്ക് ഡ്രൈവറായ അർജുനെ കാണാതായത്. കരയിലും പുഴയിലുമായി 72 ദിവസം നടത്തിയ തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് അർജുന്റെ ലോറി ​ഗം​ഗാവാലി പുഴയിൽ നിന്നും കണ്ടെത്തിയത്. കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം നാവിക സേന അടയാളപ്പെടുത്തിയ പോയിന്റുകളിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ​ഗോവയിൽ നിന്ന് എത്തിച്ച ഡ്രജ്ജർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. നാവികസേന അടയാളപ്പെടുത്തിയ സിപി 2 പോയിന്റിലായിരുന്നു ലോറി ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു. ജൂലെെ 19-നാണ് അർജുനെ കാണാതായ വിവരം പുറംലോകം അറിഞ്ഞത്.

അഞ്ച് ലക്ഷം രൂപ അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾക്ക് ശേഷം കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അർജുന്റെ അമ്മയ്ക്ക് ഈ പണം കെെമാറും.  74 ദിവസങ്ങൾക്ക് ശേഷം മലയാളികളുടെ മനസിലെ നൊമ്പരമായിട്ടാണ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് അർജുനെത്തുന്നത്.

Latest News