Actress attack case: നടിയെ ആക്രമിച്ച കേസ്, വിധി ഡിസംബർ 8ന്
Actress attack case verdict: പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. കേസിൽ ആകെ പന്ത്രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. ഏഴുവർഷം നീണ്ട വിചാരണ നടപടികളാണ് അവസാനിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. പ്രോസിക്യൂഷനോട് ചോദിച്ച ചില സംശയങ്ങൾക്കുള്ള റുപടി ലഭിച്ചതിന് പിന്നാലെയാണ് കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ കോടതി തീരുമാനിച്ചത്.
2017 ഫെബ്രുവരി 17നാണ് കേരളത്തെ ഞെട്ടിച്ച് കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ ജൂലൈ 10-നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് ദിലീപിന് ജാമ്യം ലഭിച്ചു.
കേസിൽ ആകെ പന്ത്രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. കേസിൽ ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് പൾസർ സുനി ജാമ്യത്തിൽ ഇറങ്ങിയത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്.
കേസിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണു സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. 2019 ലാണു കേസിൽ വിചാരണ നടപടി തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർജി തള്ളി.