Air India Emergency Landing: കണ്ണൂരിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിമാനം തിരിച്ചിറക്കി
Air India Flight Emergency Landing at Kannur Airport: വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷിയിടിച്ചത്.
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ പക്ഷി ഇടിച്ചത് അടിഞ്ഞതോടെയാണ് പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. ഇന്ന് (സെപ്റ്റംബർ 14) രാവിലെ 6.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ അബുദാബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്.
വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഇതോടെ വിമാനം അൽപ ദൂരം സഞ്ചരിച്ച ശേഷം തിരിച്ച് കണ്ണൂരിലേക്ക് തന്നെ വരുകയായിരുന്നു.
ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം അനുമതി ലഭിച്ചതിന് പിന്നാലെയാണ് വിമാനം കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. സംഭവം യാത്രക്കാരിൽ പരിഭ്രാന്തി പരാതിയെങ്കിലും എല്ലാവരും സുരക്ഷിതരാണ്.വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇന്ന് ഉച്ചയ്ക്ക് അബുദബിയിലേക്ക് കൊണ്ടുപോകും.
പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് ചില സാങ്കേതിക തകരാറുകൾ ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ നിലവിൽ ഈ വിമാനത്തിൽ യാത്ര പുനരാരംഭിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അയയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.